റിപ്പോർട്ട് എതിരായപ്പോള്‍ ഫൊറന്‍സിക്കിനെ വരുതിയിലാക്കാന്‍ സർക്കാർ നീക്കം ; ഡി.ജി.പിയുടെ കത്ത് ഇതിന്‍റെ ആദ്യപടിയെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, October 10, 2020

ചട്ടം മറികടന്ന് ഫൊറന്‍സിക് തലപ്പത്ത് പിടിമുറുക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളെ വരുതിയിലാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ശാസ്ത്രരംഗത്തെ വിദഗ്ധരെ ഡയറക്ടറായി നിയമിക്കുന്ന ചട്ടം മറികടന്ന് ഫൊറന്‍സിക് ഡയറക്ടറായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. സെക്രട്ടേറിയറ്റ് തീപിടിത്തം ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന ഫൊറന്‍സിക് റിപ്പോർട്ടിന് തൊട്ടുപിന്നാലെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. സർക്കാർ നീക്കം ദുരുദ്ദേശപരമാണെന്നും ഇതില്‍നിന്ന് പിന്തിരിയണമെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് :

മുഖ്യമന്ത്രിയുടെ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനങ്ങളെ വരുതിയിലാക്കാൻ സാധ്യമായതെല്ലാം ചെയ്യുകയാണ് പിണറായി സർക്കാർ. ഫോറൻസിക് വകുപ്പിന്‍റെ തലപ്പത്തേക്ക് ഐജി റാങ്കിലുള്ള IPS ഉദ്യോഗസ്ഥനെ പരിഗണിക്കണം എന്ന DGP യുടെ കത്ത് ഇതിനുള്ള ആദ്യപടിയാണ്.

സെക്രട്ടേറിയേറ്റിൽ പ്രോട്ടോകോൾ ഓഫീസിൽ തീപിടുത്തം ഉണ്ടായ സംഭവത്തിൽ സർക്കാർ സമിതിയുടെ റിപ്പോർട്ടിനു കടകവിരുദ്ധമായി റിപ്പോർട്ട്‌ നൽകിയതോടെയാണ് ഫോറൻസിക് വകുപ്പിനെ നിയന്ത്രിക്കാനുള്ള അണിയറ നീക്കങ്ങൾ സർക്കാർ തുടങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

സാങ്കേതിക പരിജ്ഞാനം മാത്രമുള്ളവരെ പരിഗണിക്കുന്ന പദവിയിലേക്കാണ് കീഴ്വഴക്കങ്ങൾ എല്ലാം ലംഘിച്ചുകൊണ്ട് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ നിയമിക്കാൻ ശ്രമിക്കുന്നത്. ഇത് ദുരുദ്ദേശപരമാണ്. ഇതിൽ നിന്നും സർക്കാർ അടിയന്തരമായി പിന്മാറണം.