തിരുവനന്തപുരം : ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പും നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഭക്ഷ്യ വിഷബാധ സംബന്ധിച്ച വാര്‍ത്തകളും പരാതികളും ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും സ്വീകരിക്കുന്നതെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയും പരാജയം വ്യക്തമാക്കുന്നതാണ്. സര്‍ക്കാരിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും കെടുകാര്യസ്ഥതയും കാര്യക്ഷമതയില്ലായ്മയുമാണെന്നും അദ്ദേഹം പറഞ്ഞു.
അന്തര്‍ ജില്ലാ സ്‌ക്വാഡുകളുടെ പരിശോധനയും ദ്രുത കര്‍മ്മ സേനയുടെ പ്രവര്‍ത്തനവും സര്‍ക്കാരിലെ ഉന്നതരുടെ മൗനാനുവാദത്തോടെ ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ചു. ടോള്‍ ഫ്രീ നമ്പരുകളിലേക്ക് വിളിക്കുന്നവരെ പരിഹസിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും എന്ത് നീതിയാണ് സാധാരണക്കാര്‍ ഇനിയും പ്രതീക്ഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം പരിശോധനകള്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ പ്രവര്‍ത്തന സജ്ജമാക്കിയാല്‍ മാത്രമെ സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനാകൂ. അതിനാല്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.