എതിര്‍പ്പ്, പിന്നാലെ പരസ്പര സഹകരണ മുന്നണിയായി മുഖ്യമന്ത്രിയും ഗവർണറും; സന്ധിചേരലിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകുന്നു

Jaihind Webdesk
Monday, February 7, 2022

 

തിരുവനന്തപുരം: സർക്കാരുമായുള്ള എല്ലാ വിവാദങ്ങളും ഒതുക്കി തീർക്കുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടക്കം മുതൽ സ്വീകരിച്ചത്. വിവാദമായ ലോകായുക്ത നിയമ ഭേദഗതി കണ്ണൂർ സർവകലാശാലയുടെ വിസി നിയമനം ഉൾപ്പെടെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവർണർ സന്ധി ചെയ്തു. ഇരുവരും പരസ്പര സഹകരണ മുന്നണികളായി മാറി.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചത്. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങി എത്തിയ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാജ്ഭവനിൽ എത്തി ഗവർണറുമായി കുടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് ഗവർണർ സർക്കാരിന് വഴങ്ങിയത്. ഓർഡിൻസിന് എതിരെ ഇടതു മുന്നണിക്ക് ഉള്ളിൽ സിപിഐയും കടുത്ത എതിർപ്പ് ഉയർത്തിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. അഴിമതി കേസിൽ മന്ത്രിമാർ മാറി നിൽക്കണമെന്ന് ലോകായുക്ത വിധിച്ചാൽ അത് തള്ളാനുള്ള അധികാരം സർക്കാരിന് നൽകുന്നതാണ് പ്രധാന ഭേദഗതി. ഇതിനാണ് ഗവർണർ അംഗീകാരം നൽകിയിരിക്കുന്നത്. ലോകായുക്തയുടെ മുന്നിലുള്ള കേസുകളിൽ നിന്ന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രക്ഷപ്പെടാനാണ് ഭേദഗതിയെന്നാണ് പ്രതിപക്ഷ ആരോപണം. ഇതിന് ഗവർണർ കൂട്ട് നിൽക്കുകയാണെന്നാണ് ഇപ്പോഴത്തെ തീരുമാനത്തെ വിലയിരുത്തണ്ടേത്.

ഒത്തുതീർപ്പിന്‍റെ ഭാഗമാണ് ഗവർണറുടെ തീരുമാനമെന്ന് പ്രതിപക്ഷ ആരോപണം. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെകട്ടറിയായി ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ഹരി എസ് കർത്തായെ നിയമിക്കണമെന്ന് രാജ്ഭവന്‍റെ നിർദേശം മുഖ്യമന്ത്രിയുടെ മുന്നിലാണ്. നിലവിലെ സാഹചര്യത്തിൽ ഓർഡിൻസ് ഒപ്പിട്ടതിന് പകരം മുഖ്യമന്ത്രി ഗവർണറുടെ നിർദേശം അംഗീകരിക്കും. സിപിഐയുടെ എതിർപ്പ് ഇക്കാര്യത്തിൽ സിപിഎം ഗൗരവമായി എടുത്തിട്ടില്ലന്നാണ് ഓർഡിൻസ് ഗവർണർ ഒപ്പ് വെച്ചതിലുടെ വ്യക്തമാകുന്നത്. ഒപ്പ് വെച്ചതിന് ശേഷവും ഓർഡിനന്‍സിന് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ഓർഡിനൻസ് ഒപ്പ് വെച്ചതിലുടെ സിപിഐയുടെ എതിർപ്പിന് പ്രസക്തിയില്ലാതാകും.

സർവകലാശാല നിയമന വിവാദത്തിലും സർക്കാരും ഗവർണറും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ചുരുക്കത്തിൽ സർക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടികൾക്ക് എല്ലാം എതിർത്തു എന്ന് വരുത്തിയ ശേഷം പച്ചകൊടി കാട്ടുന്ന സമീപനമാണ് ഗവർണർ സ്വീകരിക്കുന്നത്. കൂടാതെ നിയമസഭയെ നോക്കുകുത്തിയാകുന്ന സർക്കാരിനെ ഗവർണർ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്യുന്നു.