സ്വർണ്ണക്കടത്ത് : അന്തിമ കുറ്റപത്രം വൈകും ; രഹസ്യമൊഴി ഇ.ഡിക്ക് കൈമാറാന്‍ വിസമ്മതിച്ച് കസ്റ്റംസ്

Jaihind News Bureau
Sunday, December 27, 2020

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ അന്തിമ കുറ്റപത്രം നല്‍കാന്‍ ആറുമാസം കഴിയുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ സ്വത്തുക്കളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കി.  മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ.ഡി അറിയിച്ചു . എന്നാൽ കോടതി രേഖപ്പെടുത്തിയ  സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് കൈമാറാന്‍ കസ്റ്റംസ് ഉദ്യാഗസ്ഥർ വിസമ്മതിച്ചതായി വിവരം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സ്വപ്നയ്ക്കും സരിത്തിനുമെതിരെ എന്‍ഫോഴ്സ്മെന്‍റ് ഒക്ടോബറില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെ സ്വര്‍ണക്കടത്തും ലൈഫ് മിഷന്‍ കോഴയിടപാടുകളും നിയന്ത്രിച്ചത് യുഎഇ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും ചേര്‍ന്നാണെന്ന കണ്ടെത്തലുമായി വ്യാഴാഴ്ച അനുബന്ധ കുറ്റപത്രവും ഇഡി കോടതിയിൽ നല്‍കി. അന്വേഷണം തുടരുകയാണെന്നും അന്തിമ കുറ്റപത്രം നല്‍കാന്‍ ആറുമാസം കഴിയുമെന്നാണ് എന്‍ഫോഴ്സ്മെന്‍റ് വ്യക്തമാക്കുന്നത്.

ശിവശങ്കറിന്‍റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ മറ്റ് പ്രധാന പ്രതികളായ റബിന്‍സ്, കെ.ടി റമീസ് തുടങ്ങിയവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. കൂടാതെ സി പി എം നിയന്ത്രണത്തിൽ കോഴിക്കോട് വടകരയിൽ പ്രവർത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയോട് സാമ്പത്തിക ഇടപാടുകളെക്കുറിച്ചും നിര്‍മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ എന്‍ഫോഴ്സ്മെന്‍റ് തേടിയിരുന്നു. ഇതിലെ ചില വിവരങ്ങള്‍ക്ക് ഊരാളുങ്കില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള വിവരങ്ങള്‍ വച്ച് സി.എം രവീന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം.

രവീന്ദ്രനും ഭാര്യക്കും ഊരാളുങ്കൽ സൊസൈറ്റിയിൽ ബിനാമി നിക്ഷേപമുണ്ടെന്ന് നേരത്തെ ആരോപണങ്ങൾ ഉയർന്നിരുന്നു. അതേസമയം കസ്റ്റംസിന്‍റെ അപേക്ഷ പ്രകാരം കോടതി രേഖപ്പെടുത്തിയ സ്വപ്നയുടെയും സരിത്തിന്‍റെയും രഹസ്യമൊഴി എന്‍ഫോഴ്സ്മെന്‍റിന് കൈമാറാന്‍ കസ്റ്റംസ് തയ്യാറായില്ല എന്നാണ് വിവരം. രഹസ്യമൊഴി അനുസരിച്ച് സ്വര്‍ണക്കടത്തിലെ ഉന്നതബന്ധം തേടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതു കൊണ്ട് രഹസ്യമൊഴി മറ്റൊരു അന്വേഷണ സംഘത്തിന് കൈമാറാൻ കഴിയില്ല എന്ന നിലപാടിലാണ് കസ്റ്റംസ്.