സ്വർണ്ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നുവെന്ന പ്രചാരണം ; അവഗണിക്കാവുന്നതല്ല, വിശദീകരിക്കപ്പെടണം : ചർച്ചയായി പി.പി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി ബന്ധം ചർച്ചയാകുമ്പോൾ മുന്‍ ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മുറിവേൽക്കാതിരിക്കാൻ സ്വർണ്ണക്കടത്ത് കേസിൽ പോലും ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നുവെന്നാണ് റിപ്പോർട്ടുകളെന്ന് മുകുന്ദന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം – ബി.ജെ.പി ബന്ധം ചര്‍ച്ചയായ സാഹചര്യത്തിലാണ് മുന്‍ ബി.ജെ.പി നേതാവ് കൂടിയായപി.പി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്. പാര്‍ട്ടിയെക്കുറിച്ച് ജനമനസില്‍ തെറ്റിദ്ധാരണകളും സംശയങ്ങളും ഉയര്‍ത്തുന്ന പ്രചരണം തീരെ അവഗണിക്കാവുന്നവയല്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ വിശദീകരിക്കപ്പെടേണ്ടവയാണെന്നും പി.പി മുകുന്ദന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അതീവ ഗുരുതരസ്വഭാവം ഉള്ള റിപ്പോര്‍ട്ട് ആണ് അവയില്‍ ചിലത്. ബി.ജെ.പിയുടെ മാത്രമല്ല മൊത്തം സംഘപരിവാര്‍ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

ദേശീയതല നേതാക്കളുടെ പേരുകള്‍ പോലും ഇതിലേക്ക് വലിച്ചിഴക്കപ്പെടുന്നു. ഇതിനെതിരെ പാര്‍ട്ടി ഒന്നാകെ ജാഗരൂകമാകണമെന്നും പി.പി മുകുന്ദന്‍ മുന്നറിയിപ്പ് നല്‍കുന്നു. കേരള രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരു പരിവര്‍ത്തത്തിന്‍റെ ചാലകശക്തിയാവുക എന്നത് കാലത്തിന്‍റെ വെല്ലുവിളിയായി ബി.ജെ.പി ഏറ്റെടുക്കേണ്ടിയിരിക്കുന്നു. ഇത് വിജയകരമായി നടപ്പാക്കാന്‍ ജനങ്ങള്‍ക്കിടയിലെ പാര്‍ട്ടിയുടെ സ്വീകാര്യതയും വിശ്വാസ്യതയും വര്‍ധിച്ചേ മതിയാവൂവെന്നും അദ്ദേഹം പറയുന്നു. പ്രചാരണങ്ങളെ ഫലപ്രദമായി നേരിടണം. എങ്കില്‍ മാത്രമേ ആത്മനിര്‍ഭര്‍ ഭാരതമെന്ന സങ്കല്‍പം കര്‍മ്മപഥങ്ങളിലെത്തിക്കാന്‍ കഴിയൂവെന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Comments (0)
Add Comment