സ്വർണ്ണക്കടത്ത് : വ്യക്തമായ ഉത്തരമില്ലാതെ മുഖ്യമന്ത്രി, ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി

Jaihind News Bureau
Monday, July 6, 2020

തിരുവനന്തപുരം : സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണ്ണക്കടത്തിലെ മുഖ്യ പ്രതികളുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുള്ള അടുത്ത ബന്ധം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായിരുന്നു.വൈകിട്ടത്തെ പത്രസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉയർന്നപ്പോഴാണ് മുഖ്യമന്ത്രി അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയത്.

ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ഒരാളെ എങ്ങനെ ഐ.ടി  വകുപ്പില്‍ നിയമിച്ചു എന്ന ചോദ്യത്തിന് തനിക്ക് അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. സ്വന്തം വകുപ്പിലെ ഇത്തരമൊരു നിയമനം അറിവില്ലാതെ എങ്ങനെ നടന്നു എന്ന ചോദ്യത്തിന് പോലും മറുപടി പറയാന്‍  മുഖ്യമന്ത്രിക്ക് ആകുന്നില്ല എന്നത് വകുപ്പിലെ പിടിപ്പുകേട് വ്യക്തമാക്കുന്നതാണ്. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ഐ.ടി സെക്രട്ടറിയുടെ പങ്ക് സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.

നേരത്തെ സ്പ്രിങ്ക്ളര്‍ കരാറിലും ഐ.ടി സെക്രട്ടറിയുടെ ഇടപെടല്‍ വിവാദമായിരുന്നു. ഐ.ടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് സ്വന്തം വകുപ്പില്‍ നടക്കുന്നത് സംബന്ധിച്ച് ഒന്നും അറിയില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളവർ രാജ്യദ്രോഹക്കുറ്റത്തിന് കുടപിടിക്കുന്നു എന്നുവരുമ്പോള്‍ എന്താണ് സർക്കാരിന്‍റെ വിശ്വാസ്യതയെന്നതും പ്രസക്തമാകുന്നു.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.