സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമം ; ബി.ജെ.പിയിലെ മുരളീധരപക്ഷവും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയെന്ന് ആരോപണം | VIDEO

Jaihind News Bureau
Thursday, July 23, 2020

 

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ സി.പി.എം നേതൃത്വവും ബി.ജെ.പിയിലെ മുരളീധര പക്ഷവും തമ്മില്‍ ധാരണയിലെത്തിയതായി ആരോപണം. കേസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തിനില്‍ക്കേ അന്വേഷണം നടത്തുന്ന പത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ഇറക്കിയ ഉത്തരവാണ് ഇതുസംബന്ധിച്ച ആരോപണം ബലപ്പെടുത്തുന്നത്. കേസില്‍ തുടക്കത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നിലവിലെ മൗനവും ദുരൂഹത വര്‍ധിപ്പിക്കുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് അന്വേഷണ സംഘത്തിലെ പത്ത് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ മുഹമ്മദ് യൂസഫാണ് ഉത്തരവിറക്കിയത്. എന്നാല്‍ അന്വേഷണ സംഘത്തലവന്‍ കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ ഇതില്‍ ശക്തമായ അതൃപ്തി രേഖപ്പെടുത്തി. ഇതോടെ താല്‍ക്കാലികമായി ഉത്തരവ് മരവിപ്പിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റിയത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയിലെ ഒരു വിഭാഗം നേതാക്കളും സി.പി.എമ്മിന്‍റെ കേരളത്തിലെ നേതാക്കളും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്നാണ് ഉയരുന്ന സംശയം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രധാന ചുമതലക്കാരനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവങ്കറിനെ കസ്റ്റംസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതികളായ സ്വപ്‌നാ സുരേഷുമായും സരിത്തുമായും ശിവശങ്കറിനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായ തെളിവുകളും പുറത്തുവന്നുകഴിഞ്ഞിട്ടുണ്ട്. എന്നിട്ടും ശിവശങ്കറിന്‍റെ അറസ്റ്റ് വൈകുന്നതും സംശയാസ്പദമാണ്.

സ്വര്‍ണ്ണക്കടത്ത് കേസ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് പോകാതെ എം.ശിവങ്കറില്‍ ഒതുക്കിത്തീര്‍ക്കാനാണ് ഉണ്ടാക്കിരിക്കുന്ന ധാരണയെന്നാണ് സൂചന. തുടക്കത്തില്‍ സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് നിരന്തരം പ്രസ്താവനകള്‍ നടത്തിയിരുന്ന ആളായിരുന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസമായി ഇദ്ദേഹം മൗനത്തിലാണ്. കേസിലെ നിര്‍ണയക കണ്ണി ആയിരുന്ന അറ്റാഷെ രാജ്യം വിട്ടത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ കൂടി അറിവോടെയാണെന്ന ആരോപണം നേരത്തേ തന്നെ ഉയര്‍ന്നിരുന്നു.

മുരളീധരനെപ്പോലെ തന്നെ സംസ്ഥാന ബി.ജെ.പിയിലെ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗവും കേസില്‍ മൗനം തുടരുകയാണ്. വി മുരളീധരനെതിരെ ബി.ജെ.പിയിലെ വിമത പക്ഷം ഉയര്‍ത്തിയ ഡി.ആര്‍.ഡി.ഒ തട്ടിപ്പ് പ്രതി അരുണ്‍ രവീന്ദ്രനെ കസ്റ്റഡിയില്‍ എടുത്തത് കേരള പൊലീസാണ്. ഈ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പക്കല്‍ ഉണ്ട്. കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ നീങ്ങിയാല്‍ അത് ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരിലേക്കും ഉന്നത നേതാക്കളിലേക്കും എത്തിച്ചേരും. അത്തരമൊരു സാഹചര്യം ഒഴിവാക്കാനാണ് മുരളീധരപക്ഷത്തിന്‍റെ ശ്രമം. മുരളീധരപക്ഷവും സി.പി.എം നേതൃത്വവുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയും ഡി.ആര്‍.ഡി.ഒ കേസും തമ്മില്‍ ബന്ധമുണ്ടെന്നാണ് ബി.ജെ.പിയിലെ മുരളീധര വിരുദ്ധ നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

 

teevandi enkile ennodu para