സ്വർണ്ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയും; തീരുവ കുറച്ചു

Jaihind Webdesk
Tuesday, July 23, 2024

 

ന്യൂഡല്‍ഹി: ബജറ്റില്‍ നികുതി ഇളവുകൾ പ്രഖ്യാപിച്ചു. സ്വർണ്ണത്തിനും വെള്ളിക്കും കസ്റ്റംസ് തീരുവ ആറുശതമാനമാക്കി കുറച്ചതോടെ ഇവയ്ക്ക് വില കുറയും. സ്വർണ്ണം ഗ്രാമിന് 420 രൂപ വരെ കുറയാനാണ് സാധ്യത. നേരത്തെ ഇറക്കുമതി തീരുവ 15 ശതമാനമായിരുന്നതാണ് ആറു ശതമാനമാക്കി കുറച്ചത്. പ്ലാറ്റിനത്തിനും വില കുറയും. ആരോഗ്യ മേഖലയിൽ 3 ക്യാൻസർ മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കിയതോടെ ഇവയുടെയും വില കുറയും.

പ്ലാറ്റിനത്തിന്‍റെ തീരുവ 6.4 ശതമാനമായും കുറച്ചു. എക്സ്റേ ട്യൂബുകൾക്ക് തീരുവ കുറച്ചതോടെ ഇതിനും വില കുറയും. മൊബൈൽ ഫോൺ, ചാർജറുകൾ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി 15 ശതമാനമാക്കി കുറച്ചു. മൊബൈൽ ഫോണുകൾക്കും ചാർജറുകൾക്കും വിലകുറയും. 25 ധാതുക്കൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ചെമ്മീൻ, മീൻ തീറ്റയ്ക്കുള്ള തീരുവയും കുറച്ചു. അതേസമയം പിവിസി, ഫ്ലക്സ് ബാനറുകൾക്കുള്ള തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമാക്കി. ഇതോടെ ഇവയ്ക്ക് വില കൂടും. സോളാർ സെല്ലുകൾക്കും പാനലുകൾക്കുമുള്ള തീരുവ ഇളവ് നീട്ടില്ല. അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു.