‘ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്, ഗോധ്ര കലാപങ്ങള്‍ ആവർത്തിക്കും’ : വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

Jaihind News Bureau
Friday, December 20, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ബി.ജെ.പി മന്ത്രിമാര്‍ പ്രതിഷേധം ആളിക്കത്തിക്കുന്ന പ്രസ്താവനകള്‍ തുടരുന്നു. പ്രതിഷേധക്കാർ ഭൂരിപക്ഷ സമുദായത്തിന്‍റെ ക്ഷമ പരീക്ഷിക്കരുതെന്നും അങ്ങനെയുണ്ടായാല്‍ ഗോധ്ര കലാപങ്ങള്‍ ഇനിയും ആവർത്തിക്കുമെന്ന മുന്നറിയിപ്പുമായി കർണാടക മന്ത്രി രംഗത്തെത്തി. ബി.ജെ.പി നേതാവും ടൂറിസം, സാംസ്‌കാരിക മന്ത്രിയുമായ സി.ടി രവിയാണ് ഇക്കുറി വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്.

‘ഭൂരിപക്ഷത്തിന് ക്ഷമ നശിച്ചാല്‍ എന്താണ് സംഭവിക്കുകയെന്നു നിങ്ങള്‍ മറന്നെങ്കില്‍, ഒന്നു പിന്തിരിഞ്ഞ് നോക്കുന്നത് നന്നായിരിക്കും. ഗോധ്രയില്‍ എന്താണ് സംഭവിച്ചതെന്ന് മറക്കേണ്ട. ഗോധ്ര ആവര്‍ത്തിക്കാന്‍ ഭൂരിപക്ഷത്തിന് കഴിയും. ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്’ – സി.ടി രവി പറഞ്ഞു.

https://twitter.com/mirrorforyou3/status/1207731416655486976

നേരത്തെ കേന്ദ്ര റെയില്‍വേ സഹമന്ത്രി സുരേഷ് അംഗഡിയും വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയിരുന്നു. പ്രതിഷേധക്കാരെ വെടിവെച്ചുകൊല്ലണമെന്നായിരുന്നു സുരേഷ് അംഗഡി പറഞ്ഞത്.

അതേസമയം കര്‍ണാടകത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെ യെദ്യൂരപ്പ സര്‍ക്കാരിനെതിരെ  രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി രംഗത്തെത്തി. ഡിസംബര്‍ 21 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളുടെ നിയമസാധുത പരിശോധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. എല്ലാ പ്രതിഷേധങ്ങളെയും വിലക്കാനാണോ നിങ്ങളുടെ ഭാവമെന്നും കോടതി ആരാഞ്ഞു. എല്ലാ പ്രതിഷേധങ്ങളും അക്രമാസക്തമാകുമെന്ന് എങ്ങനെയാണ് മുന്‍കൂട്ടി ധരിക്കുകയെന്നും കോടതി ചോദിച്ചു. സര്‍ക്കാരിന്‍റെ ഏതെങ്കിലും തീരുമാനത്തോട് വിയോജിപ്പുണ്ടെങ്കില്‍ ഒരു എഴുത്തുകാരനോ കലാകാരനോ സമാധാനപരമായ പ്രതിഷേധം നടത്താന്‍ കഴിയില്ലേയെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് സര്‍ക്കാരിനോട് ചോദിച്ചു. നിരോധനാജ്ഞയ്‌ക്കെതിരെയുള്ള വാദങ്ങള്‍ കേള്‍ക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ കർണാടകത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ കേരളത്തില്‍  നിന്നുള്ള മാധ്യമസംഘത്തെ ഇന്ന് കർണാടക പോലീസ് അറസ്റ്റ് ചെയ്തത് വന്‍ വിവാദമായിരുന്നു. മാരകായുധങ്ങള്‍ കൈവശം വെച്ചു, വ്യാജ മാധ്യമപ്രവര്‍ത്തകര്‍ എന്ന ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ 8.30 ഓടെ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവർത്തകരെ ഏഴര മണിക്കൂറിന് ശേഷമാണ് സ്വതന്ത്രരാക്കിയത്. വ്യാഴാഴ്ച പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗളുരുവില്‍ തെരുവിലിറങ്ങിയ നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാമചന്ദ്ര ഗുഹയടക്കമുള്ള പ്രമുഖരായിരുന്നു അറസ്റ്റിലായത്.