‘എല്ലാത്തിനും പിന്നില്‍ അമിത് ഷാ’ – യെദ്യൂരപ്പയുടെ ശബ്ദസന്ദേശം പുറത്ത് ; കർണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുന്നു

Jaihind News Bureau
Saturday, November 2, 2019

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്‌-ജെ.ഡി.എസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശം പുറത്ത്. വലിയ രാഷ്ട്രീയകോലാഹലമുണ്ടാക്കി കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലേറി നൂറ് ദിവസം പൂര്‍ത്തിയായതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖയിലാണ് അമിത് ഷായുടെ നടത്തിയ ഇടപെടല്‍ സംബന്ധിച്ച് വ്യക്തമാക്കുന്നത്.

എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍നിന്ന് 17 എം.എല്‍.എമാരെ രാജിവെപ്പിച്ച് ബി.ജെ.പിയിലെത്തിച്ചാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം പിടിച്ചത്. എം.എല്‍.എമാരുടെ കൂറുമാറ്റവും തുടര്‍ന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതും സംബന്ധിച്ച് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത് അമിത് ഷായാണെന്നതാണ് ശബ്ദസംപ്രേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്.

‘നിങ്ങള്‍ക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല. ദേശീയാധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതും എല്ലാ ഏര്‍പ്പാടുകള്‍ നടത്തിയതും ചുക്കാന്‍ പിടിച്ചതും. നിങ്ങള്‍ക്കറിയാമോ, മുംബൈയിലേക്ക് കൊണ്ടുപോയ ആ 17 പേര്‍ക്കും മൂന്നുനാല് മാസത്തേക്ക് അവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്തിനേറെ, ആ സമയത്ത് അവര്‍ അവരുടെ കുടുംബത്തെപ്പോലും കണ്ടിട്ടില്ല. നിങ്ങള്‍ക്കതെന്തെങ്കിലും അറിയുമോ? ഇല്ലല്ലോ? പതിവിന് വിപരീതമായി, ഈ ഭരണകാലയളവില്‍ പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണ് സഹായിച്ചത്. ഭരണ കക്ഷിയാകാന്‍ അവര്‍ നമ്മളെ സഹായിച്ചു. അവര്‍ അവരുടെ എം.എല്‍.എ സ്ഥാനം രാജിവെച്ചു. സുപ്രീം കോടതി വരെ പോയി. അതുകൊണ്ട് എന്ത് സംഭവിച്ചാലും നമ്മള്‍ അവരുടെ കൂടെ നില്‍ക്കണം’ – യെദ്യൂരപ്പ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

‘നിങ്ങളിലാരുമിത് പറഞ്ഞിട്ടില്ല. ഞാന്‍ നിങ്ങളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല… സോറി. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാന്‍ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്. ഞാനിത് കണ്ടിട്ടുണ്ട്. അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിപ്പോയെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്’ – ശബ്ദസന്ദേശത്തില്‍ യെദ്യൂരപ്പ പറയുന്നു.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്‍റെ ആധികാരികത നിഷേധിച്ചിക്കാന്‍ യെദ്യൂരപ്പ തയാറായിട്ടില്ല. സഖ്യത്തില്‍ നിന്ന് ബി.ജെ.പിയിലേക്കെത്തിയ ആളുകളോട് ചില പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ പ്രതികരിക്കേണ്ടി വന്നതെന്നാണ് യെദ്യൂരപ്പയുടെ പ്രതികരണം.

അതേസമയം ശബ്ദസംപ്രേഷണം പുറത്തുവന്നതിന് പിന്നാലെ കർണാടകയിലെ ബി.ജെ.പി സർക്കാരിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും പുറത്താക്കണം എന്ന  ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇക്കാര്യം ചൂണ്ടിക്കാട്ടി കര്‍ണാടക കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നിവേദനം സമര്‍പ്പിച്ചു. ജനാധിപത്യ താല്‍പര്യം സംരക്ഷിക്കാനാണ് തങ്ങളുടെ ശ്രമമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.എസ്  സർക്കാരിനെ പുറത്താക്കുന്നതിന് പിന്നിലെ ബി.ജെ.പി ദേശീയ നേതാക്കളുടെ പങ്ക് പുറത്തുവന്നത് ഞെട്ടിക്കുന്നതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അമിത് ഷായുടെ നേതൃത്വത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, സി.ബി.ഐ, ഐ.ടി തുടങ്ങിയ ഏജന്‍സികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.