മോദി തിരികെ പോകൂ!! തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം; ട്വിറ്ററില്‍ ട്രെന്റായി #gobackmodi; മോദിയെ അടുപ്പിക്കാതെ തെക്കേ ഇന്ത്യ

തമിഴ് നാട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം നടക്കുന്നത്. സോഷ്യല്‍ മീഡിയയിലും സമാനമായ പ്രതിഷേധമാണ് അരങ്ങേറുന്നത്.  ട്വിറ്ററില്‍ ഇതിനായി #GoBackModi എന്ന ഹാഷ്ടാഗാണ് ഉപയോഗിക്കുന്നത്. ഇന്നു രാവിലെ മുതല്‍ മാത്രം ഉപയോഗിക്കാന്‍ തുടങ്ങിയ ഹാഷ്ടാഗ് രാവിലെ 10 മണിയായപ്പോഴേക്കും ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്ടാഗുകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം കൈയ്യടക്കി.  45,300ലേറെ ട്വീറ്റുകളാണ് ഈ ഹാഷ്ടാഗ് കൊണ്ടുണ്ടായിരിക്കുന്നത്. മദ്രാസ് ഐഐടിയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി ചെന്നൈയിലെത്തിയത്.

മോദിവിരുദ്ധ ഹാഷ്ടാഗിനു വന്‍ സ്വീകാര്യത ലഭിച്ചതോടെ ബിജെപിക്കാര്‍ മറുപടി ഹാഷ്ടാഗുമായി രംഗത്തെത്തി. #TNWelcomesModi എന്നായിരുന്നു അവരുടെ ഹാഷ്ടാഗ്.

ഇതാദ്യമല്ല #GoBackModi ട്രെന്‍ഡിങ്ങാകുന്നത്. 2018 ഏപ്രിലില്‍ മോദി തമിഴ്‌നാട് സന്ദര്‍ശിക്കവെ പ്രതിപക്ഷ പാര്‍ട്ടികളും തമിഴ് അനുകൂല സംഘടനകളും വ്യക്തികളും ഇതുപയോഗിച്ചിരുന്നു. 2019 ജനുവരിയില്‍ മധുരയിലെ എയിംസ് കാമ്പസിന്‍റെ തറക്കല്ലിടല്‍ ചടങ്ങിലെത്തിയപ്പോഴും മോദിക്കെതിരെ ശക്തമായ പ്രതിഷേധമാണു നടന്നത്. ഫെബ്രുവരിയില്‍ മോദി ആന്ധ്രാപ്രദേശില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഭരണകക്ഷിയായ ടി.ഡി.പിയും ഇതുപയോഗിച്ചിരുന്നു. യു.എസിലെ ഹൂസ്റ്റണില്‍ ‘ഹൗഡി മോദി’ പരിപാടിക്കെതിരെ പ്രതിഷേധിച്ചവരും ഇതേ ഹാഷ്ടാഗാണ് ഉപയോഗിച്ചത്.

മോദി മാത്രമല്ല ആദ്യമായി ഹാഷ്ടാഗ് പ്രതിഷേധം നേരിടേണ്ടി വരുന്ന ബി.ജെ.പി നേതാവ്. 2018 ജൂലൈയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ #GoBackAmitShah എന്ന ഹാഷ് ടാഗില്‍ സമാനമായ പ്രതിഷേധം ഉണ്ടായിരുന്നു.

Comments (0)
Add Comment