പിവി അന്‍വറിന് കുടപിടിച്ച് രംഗത്തെത്തിയ ജോര്‍ജ് എം. തോമസും അനധികൃത കയ്യേറ്റക്കാരന്‍

Jaihind News Bureau
Friday, October 26, 2018

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചുപൂട്ടിയ പി വി അൻവറിന്‍റെ കക്കാടംപൊയിലിലെ വാട്ടർതീം പാർക്ക് തുറക്കാൻ മുഖ്യമന്ത്രിക്ക് കത്തു നൽകിയ സിപിഎം എംഎൽഎ ജോർജ് എം.തോമസും നിയമവിരുദ്ധമായി കൈവശം വെക്കുന്നത് ലാന്‍റ് ബോർഡ് തിരിച്ചുപിടിക്കാൻ ഉത്തരവിട്ട ആറു കോടിയോളം വിലമതിക്കുന്ന മിച്ച ഭൂമി. അൻവറിന്‍റെ നിയമലംഘനങ്ങൾ പരസ്യമായി ന്യായീകരിച്ച തിരുവമ്പാടി എംഎൽഎ ജോർജ് എം.തോമസ് ആവട്ടെ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മിച്ച ഭൂമി ലാന്‍റ് ബോർഡിനു വിട്ടു നൽകാതെ 15 വർഷമായി കൈവശപ്പെടുത്തിയിരിക്കുകയാണ്.

ഭൂമി വിവാദത്തിൽ ഉൾപ്പെട്ട പിവി അന്‍വർ MLA ക്ക് കുടപിടിച്ച് രംഗത്തെത്തിയ ജോര്‍ജ് എം. തോമസ് എം.എല്‍.എ, മിച്ചഭൂമി അനധികൃതമായി കൈവശം വച്ചതിന് നിയമ നടപടി അട്ടിമറിച്ചതായി കണ്ടെത്തി. ആറു കോടിയുടെ മിച്ച ഭൂമി 18 വര്‍ഷമായി ജോർജ് എം തോമസ് കൈവശംവെക്കുന്നത് നിയമവിരുദ്ധമായിട്ടാണ്.

കോഴിക്കോട് കൊടിയത്തൂര്‍ വില്ലേജില്‍ ജോര്‍ജ് എം. തോമസും കുടുംബവും അധികഭൂമി നിയമ വിരുദ്ധമായി കൈവശം വച്ചിരിക്കുന്നുവെന്ന് പതിനെട്ട് വര്‍ഷം മുന്‍പ് കണ്ടെത്തിയിട്ടും, തിരിച്ചുപിടിക്കാനുള്ള നടപടികള്‍ എവിടെയുമെത്തിയിട്ടില്ല.

എം എൽ എയും സഹോദരങ്ങളും കൈവശം വച്ചിരിക്കുന്ന 16.4 ഏക്കര്‍ മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ 2000ലാണ് കോഴിക്കോട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത്.

കൊടിയത്തൂര്‍ വില്ലേജിലെ പന്നിക്കോട് 188/2, 186/2 സര്‍വ്വേ നമ്പറുകളിലായാണ് ഭൂമി. തന്‍റെ ഭാഗം കേള്‍ക്കാതെയാണ് പൂര്‍വ്വിക സ്വത്തിനെ മിച്ച ഭൂമിയായി കണക്കാക്കിയതെന്ന് ചൂണ്ടിക്കാട്ടി ജോര്‍ജ്ജ് എം തോമസ് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പരാതിക്കാരനെ കേട്ടശേഷം ആറു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ലാന്റ് ബോര്‍ഡിന് 2003 ജൂലൈയില്‍ കോടതി നിര്‍ദ്ദേശം നല്‍കി.

2003 ന് ശേഷം കേസുമായി ബന്ധപ്പെട്ട ഒരു വിവരവും കോടതിയിലെത്തിയിട്ടില്ല. ആറ് മാസത്തിനകം തീര്‍പ്പ് കല്‍പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച കേസാണ് 15 വര്‍ഷമായി അട്ടിമറിക്കപ്പെട്ടത്. ഉരുൾപൊട്ടലിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ പി വി അന്‍വറിന്‍റെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് തുറക്കാന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയ സി.പി.എം എം.എല്‍.എ ജോര്‍ജ് എം. തോമസും മിച്ചഭൂമി കൈവശപ്പെടുത്തി കേസ് അട്ടിമറിക്കുന്നു എന്ന് വ്യക്തമായിരിക്കുകയാണ്.

https://youtu.be/_UxR75yhclw