ഗാസയെ രണ്ടായി വിഭജിച്ചെന്ന് ഇസ്രായേല്‍; 9770 പേര്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, November 6, 2023


ഗാസ സിറ്റി പൂര്‍ണമായും വളഞ്ഞുവെന്നും തെക്കന്‍ ഗാസയെന്നും വടക്കന്‍ ഗാസയെന്നും രണ്ടായി വിഭജിച്ചുവെന്നും ഇസ്രയേല്‍. സൈന്യത്തിന്റെ ആക്രമണത്തില്‍ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വീണ്ടും പൂര്‍ണമായും വിഛേദിക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് പൂര്‍ണതോതില്‍ സംവിധാനങ്ങള്‍ വിഛേദിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ഏഴിന് നടന്ന ഹമാസ് ആക്രമണത്തിന് പിന്നാലെ തുടങ്ങിയ ഇസ്രയേല്‍ നടപടിയില്‍ 9,770 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. വെസ്റ്റ് ബാങ്കില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. എത്രയും വേഗം വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ഇടപെടണമെന്ന് പ്രസിഡന്റ്, ബ്ലിങ്കനോട് ആവശ്യപ്പെട്ടു. ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കാതെ വെടിനിര്‍ത്തലുണ്ടാകില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. തുര്‍ക്കിയിലെത്തിയ ബ്ലിങ്കന്‍, വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.അതിനിടെ, ജോര്‍ദാന്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ അടിയന്തര മരുന്നു പാക്കറ്റുകള്‍ ഗാസയിലെ ആശുപത്രികളിലേക്ക് എയര്‍ ഡ്രോപ് ചെയ്‌തെന്ന് ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ വ്യക്തമാക്കി.