മഴക്കെടുതിയിൽ വലഞ്ഞ് കാന്തല്ലൂരിലെയും മറയൂരിലെയും വെളുത്തുള്ളി കർഷകർ

Jaihind Webdesk
Monday, September 3, 2018

മഴക്കെടുതിയിൽ വലഞ്ഞ് കാന്തല്ലൂരിലെയും മറയൂരിലെയും വെളുത്തുള്ളി കർഷകർ. കിലോയ്ക്ക് 300 രൂപ കിട്ടിയിരുന്ന വെളുത്തുള്ളി 20 രൂപയ്ക്കു പോലും വാങ്ങാൻ ആളില്ലാതെ വന്നതോടെ മേട്ടുപ്പാളയം മാർക്കറ്റിൽ കൂട്ടിയിട്ട് കത്തിക്കുകയാണ് വെളുത്തുള്ളി കർഷകർ.

ഓണവിപണി ലക്ഷ്യം വച്ച് കൃഷിയിറക്കിയിരുന്ന മറയൂരിലെയും കാന്തല്ലൂരിലെയും വട്ടവടയിലെയും കർഷകർക്കാണ് ഇരുട്ടടിയായി പ്രകൃതിക്ഷോഭം വന്നു ദുരിതത്തിലായത്. ഇവിടെ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കൊണ്ടുപോയിരുന്ന മറയൂർ-മൂന്നാർ റോഡ് തകർന്നതാണ് ഈ ദുരവസ്ഥയക്ക് കാരണം.

സർക്കാർ ഏജൻസികളായ വി.എഫ്.പി.സി.കെ.യും ഹോർട്ടികോർപ്പും സംഭരണം നിർത്തിയതാണ് വെളുത്തുള്ളിയുടെ വിലയിടിയാൻ കാരണം. ഇപ്പോൾ തമിഴ്‌നാട് മാർക്കറ്റ് ആയ മേട്ടുപ്പാളയത്താണ് ഇവിടത്തെ കർഷകർ ഉൽപ്പന്നങ്ങൾ എത്തിയ്ക്കുന്നത്. കിലോയ്ക്ക് 300 രൂപ ലഭിച്ചിരുന്ന വെളുത്തുള്ളി 20 രുപയ്ക്കു പോലും വാങ്ങാൻ ആളില്ലാതെ വന്നതോടെ കർഷകർ വെളുത്തുള്ളി മാലിന്യ കൂമ്പാരത്തിൽ തള്ളി കത്തിക്കുകയാണ്.

സംസ്ഥാന സർക്കാർ സംഭരണം നിർത്തിയപ്പോള്‍ ഇതു മുതലാക്കിയ തമിഴ്‌നാട്ടിലെ വ്യാപാരികൾ കർഷകരെ ചൂഷണം ചെയ്ത് വില കുറയ്ക്കുകയായിരുന്നു. വെളുത്തുള്ളിയ്ക്ക് പുറമെ ബീൻസ്, കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ വിളകൾക്കും തമിഴ്‌നാട്ടിലെ വ്യാപാരികൾ കുറഞ്ഞ വിലയാണ് നൽകുന്നത്.