കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയുടെ കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

Jaihind Webdesk
Saturday, June 29, 2019

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരു സ്ത്രീയടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൌശല്‍ എന്ന ഗുണ്ടാത്തലവന്‍റെ ഭാര്യ റോഷ്നിയും വീട്ടുജോലിക്കാരനായ നരേഷുമാണ് പൊലീസിന്‍റെ പിടിയിലായത്. വികാസ് ചൌധരിയെ കൊലചെയ്ത സംഘത്തിന് ആയുധങ്ങള്‍ നല്‍കിയത് ഇവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ധൻവാപൂര്‍ സ്വദേശിയായ വികാസ് എന്ന ഭല്ലയും ഫരീദാബാദിലെ ഖേരി ഗ്രാമത്തിലെ സച്ചിന്‍ എന്നയാളുമാണ് കൊല നടത്തിയത്. ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്ന് വികാസിനെ നരേഷ് തിരിച്ചറിഞ്ഞു. ആയുധം നല്‍കിയത് വികാസിനാണെന്ന് നരേഷ് പറഞ്ഞതായും ഹരിയാന എ.ഡി.ജി.പി നവദീപ് സിംഗ് വിർക് അറിയിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു വികാസ് ചൗധരിയെ വെടിവെച്ചു കൊലപ്പെടുത്തിയത്.  കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ചൗധരിയെ പിന്തുടർന്നെത്തിയ കൊലയാളി സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് തവണയോളമാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.[yop_poll id=2]