RAMESH CHENNITHALA| സർക്കാരിന്‍റെ പൊതുചടങ്ങിൽ ഗണഗീതം പാടിച്ചത് നിന്ദ്യം: രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, November 8, 2025

തിരുവനന്തപുരം: പുതിയ വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് അത്യന്തം നിന്ദ്യമായ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് ഒരു രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യമാണ്. കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചനയാണിത്. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാഷ്ട്രമാണ്. അവിടുത്തെ ഒരു സർക്കാർ ചടങ്ങിൽ, ഹിന്ദുത്വ അജണ്ട ആക്കിയ ആർഎസ്എസ് എന്ന സംഘടനയുടെ സംഘടനാ ഗീതം ആലപിക്കുന്നത് രാജ്യത്തെ എല്ലാ മതേതര സങ്കൽപ്പങ്ങളെയും അട്ടിമറിക്കുന്ന ഒന്നാണ്.

ഇത്തരം ഗുരുതരമായ പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള സാമാന്യ മര്യാദ കേന്ദ്രസർക്കാർ കാണിക്കണം. ഗണഗീതം ആലപിക്കുക മാത്രമല്ല അത് ഇന്ത്യൻ റെയിൽവേയുടെ ഒഫീഷ്യൽ വെബ് സൈറ്റിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നടപടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള അന്തസ്സ് എല്ലാ സർക്കാർ /ഭരണഘടനാ സ്ഥാപനങ്ങളും കാട്ടേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.