വിജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതുപോലെ പരാജയത്തിന്‍റെ ഉത്തരവാദിത്വവും ഏറ്റെടുക്കണം; മോദിക്ക് ഗഡ്കരിയുടെ ഒളിയമ്പ്

Jaihind Webdesk
Sunday, December 23, 2018

Nitin-Gadkari

ബി.ജെ.പി നേതൃത്വത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിമർശനവുമായി പാർട്ടി മുൻ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരി. വിജയത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാൻ അവകാശവാദങ്ങളുമായി നിരവധി പേരുെത്തുമെന്നും എന്നാൽ പരാജയപ്പെടുമ്പോൾ പരസ്പരം പഴിചാരുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും ഗഡ്കരി കുറ്റപ്പെടുത്തി. പൂനെ ഡിസ്ട്രിക്റ്റ് അർബൻ സഹകരണ ബാങ്ക് അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗഡ്കരിയുടെ ഒളിയമ്പ്.

ബാങ്കുകളുടെ വിജയപരാജയങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞതെങ്കിലും ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ ഹിന്ദിഹൃദയഭൂമിയിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിക്കേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വാക്കുകളെന്നത് വ്യക്തമാണ്. നരേന്ദ്രമോദിയേയും  അമിത്ഷായേയും തന്നെയാണ് ഈ പരാമര്‍ശത്തിലൂടെ ഗഡ്കരി ലക്ഷ്യമിടുന്നത്. പാര്‍ട്ടിയിലെ മറ്റുചില നേതാക്കളും ബി.ജെ.പിയുടെ പരാജയത്തെ പരോക്ഷമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ മോദിയെയോ അമിത് ഷായെയോ നേരിട്ട് വിമര്‍ശിക്കാന്‍ ആരും തയാറായിരുന്നില്ല.

നേരത്തെയും ബി.ജെ.പി നേതാക്കളെ വിമര്‍ശിച്ച് .ഗഡ്കരി രംഗത്തെത്തിയിരുന്നു. ചില ബി.ജെ.പി നേതാക്കള്‍ സംസാരം കുറയ്ക്കുന്നത് വളരെ നന്നായിരിക്കും എന്നായിരുന്നു ഗഡ്കരി അഭിപ്രായപ്പെട്ടത്. ബോംബൈ ടു ഗോവ എന്ന ബോളിവുഡ് സിനിമ പരാമര്‍ശിച്ച് കൊണ്ടായിരുന്നു ഗഡ്കരിയുടെ വിമര്‍ശനം. ഈ സിനിമയില്‍ ഭക്ഷണപ്രിയനായ മകന്‍ അധികം ഭക്ഷണം കഴിക്കുന്നത് തടയുന്നതിന് വേണ്ടി മാതാപിതാക്കള്‍ അവന്‍റെ വായ തുണി കൊണ്ട് കെട്ടിവെക്കുന്നുണ്ട്. അത്തരമൊരു തുണി തങ്ങളുടെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്കും ആവശ്യമുണ്ട് എന്നായിരുന്നു ഗഡ്കരി അന്ന് പറഞ്ഞത്.

2019ല്‍ ബി.ജെ.പിയെ നയിക്കാന്‍ നരേന്ദ്ര മോദിക്ക് പകരം ഗഡ്കരിയെ നിയോഗിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഗഡ്കരിയുടെ നീക്കം.