ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ; ഇന്ധനവില ഇന്നും വർദ്ധിച്ചു

Tuesday, September 11, 2018

ന്യൂഡല്‍ഹി: ഇന്ധനവില കുറയ്ക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. പെട്രോളിയം മന്ത്രാലയം വിഷയം ധനകാര്യ മന്ത്രാലയത്തിന് വിട്ടു. എന്നാൽ വില കുറയ്ക്കില്ലെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ ഇന്ധന വിലവര്‍ധന താല്‍ക്കാലിക ബുദ്ധിമുട്ട് മാത്രമാണന്നും ഇതിന്റെ പേരില്‍ നികുതി കുറക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നിലവിലെ എക്സൈസ് തീരുവയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം രണ്ട് രൂപ കുറച്ചിട്ടുണ്ട്.

https://www.youtube.com/watch?v=jbQJxLahuJs

ഇനിയും നികുതി കുറയ്ക്കാന്‍ സാധിക്കുകയില്ല എന്ന വിചിത്ര ന്യായമാണ് കേന്ദ്രസർക്കാർ നിരത്തുന്നത്. സംസ്ഥാനങ്ങളോട് വില കുറക്കാന്‍ അഭ്യര്‍ഥിക്കും. എന്നാല്‍ സംസ്ഥാനങ്ങങ്ങളെ അതിനുവേണ്ടി നിര്‍ബന്ധിക്കില്ല. അവര്‍ക്കും അതിന് സാമൂഹിക ബാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ പറയുന്നു.

അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014നും 16നുമിടയ്ക്ക് ഒമ്പത് തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്. ആ ഇളവാണ് കേന്ദ്രം വലിയ കാര്യമായി അവതരിപ്പിക്കുന്നത്.

അതേ സമയം രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ ഇന്നും ഇന്ധനവില കൂടി. മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തിലാണ് ഇന്ത്യയില്‍ പെട്രോളിന് ഏറ്റവും കൂടുതല്‍ വില റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവിടെ ഇന്ന് 90.05 രൂപയാണ് ഒരു ലിറ്റര്‍ പെട്രോൾ വില.
മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയാണിപ്പോള്‍. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 80.87 രൂപയും ഡീസലിന് 72.97 രൂപയുമാണ്.