ഇന്ധനവില വര്‍ധനവ് സാധാരണക്കാരോടുള്ള വെല്ലുവിളി; കേന്ദ്രത്തിന്‍റെ പകല്‍ കൊള്ള അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Monday, June 22, 2020

 

തിരുവനന്തപുരം: ഇന്ധന വില തുടര്‍ച്ചയായ പതിനാറാം ദിവസവും വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പകല്‍ കൊള്ള അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് എല്ലാം തകര്‍ന്നു നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതിന് പകരം അവര്‍ക്ക് മേല്‍ കടുത്ത സാമ്പത്തിക ഭാരം അടിച്ചേല്‍പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

ഇന്ന് പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ 16 ദിവസമായി പെട്രോളിന് മൊത്തം 8.33 രൂപയും ഡീസലിന് 8.98 രൂപയുംവര്‍ദ്ധിപ്പിച്ചു. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വില കുറഞ്ഞു നില്‍ക്കുമ്പോഴാണ് ഈ കൊള്ളയടി. ലോക്ഡൗണ്‍ കാരണം തകര്‍ന്ന സാമ്പത്തിക മേഖല പിടിച്ചു കയറാന്‍ ബുദ്ധിമുട്ടുമ്പോഴാണ് അതിന് ആഘാതമേല്‍പിച്ചു കൊണ്ട് പെട്രോള്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ഇന്ധന വില തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.