മോദി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയണം; കോണ്‍ഗ്രസ്

Thursday, October 4, 2018

ജനരോഷത്തെ തുടർന്നും 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി ഭയന്നുമാണ് കേന്ദ്ര സർക്കാർ പെട്രോൾ-ഡീസൽ വില കുറച്ചതെന്ന് കോൺഗ്രസ്. ഇന്ധന വില വർധനവിൽ നിന്ന് ജനങ്ങൾക്ക് യഥാർഥ ആശ്വാസം നൽകാൻ കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നുവെങ്കിൽ എക്‌സൈസ് നികുതിയിൽ വരുത്തിയ മുഴുവൻ വർധനവും പിൻവലിച്ച് പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

എക്സൈസ് ഡ്യൂട്ടി 12 തവണ വര്‍ധിപ്പിച്ചതിന് കേന്ദ്രം ജനങ്ങളോട് മറുപടി പറയണം.  ഇപ്പോള്‍ തുച്ഛമായ 1.50 രൂപയാണ് കേന്ദ്ര നികുതിയിൽ നിന്ന് കുറച്ചിരിക്കുന്നത്. ഇത്രയും കാലം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിച്ചതിന് ശേഷം ഇപ്പോഴുള്ള തുച്ഛമായ വിലകുറയ്ക്കല്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു.

പെട്രോളിന് മെയ് 2014 ൽ കേന്ദ്ര നികുതി 9.23 രൂപ ആയിരുന്നു. ഇന്ന് അത് 19.48 രൂപയാണ്. കേന്ദ്ര സർക്കാർ 15 വിദേശ രാജ്യങ്ങൾക്ക് പെട്രോൾ നല്‍കുന്നത് 37 രൂപ നിരക്കിലാണ്. 29 രാജ്യങ്ങൾക്ക് ഡീസൽ നല്‍കുന്നത് വെറും 34 രൂപയ്ക്കാണ്. എന്നാല്‍ ഇന്ത്യയില്‍ ഇത് യഥാക്രമം 90 രൂപയ്ക്കും 84 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തണം
ഇന്ധന വില വര്‍ധനവിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നല്കാൻ കേന്ദ്ര സർക്കാർ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നെങ്കിൽ കേന്ദ്ര എക്സൈസ് നികുതിയിൽ വരുത്തിയ മുഴുവൻ വർധനവും പിൻവലിക്കണമെന്നും സുര്‍ജെവാല പറഞ്ഞു.

പെട്രോള്‍-ഡീസല്‍ എക്സൈസ് തീരുവയില്‍ 1.50 രൂപ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികള്‍ ഒരു രൂപയും കുറച്ചതോടെ പെട്രോള്‍, ഡീസല്‍ വില 2.50 രൂപ കുറയും.

ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പെട്രോള്‍-ഡീസല്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കില്ല. സംസ്ഥാനങ്ങള്‍ 2.50 രൂപ കുറയ്ക്കാന്‍ തയാറായാല്‍ ഇന്ധനവില 5 രൂപ വരെ കുറയ്ക്കാനാകുമെന്നും അദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ വില കുറയ്ക്കാന്‍ തയാറായില്ലെങ്കില്‍ അത് ജനങ്ങള്‍ ചോദിക്കട്ടെയെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.

ഇന്ധന വില കുറക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാരിന് 21,000 കോടി രൂപയുടെ നഷ്ടമുണ്ടാകും, നികുതിയിനത്തില്‍ മാത്രം 10,500 കോടിയുടെ നഷ്ടമാണ് ഉണ്ടാവുകയെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്‍റെ വില വര്‍ധിക്കുന്നതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണം.

അമേരിക്കയുടെ നയങ്ങള്‍ ഇന്ത്യയെയും ബാധിച്ചു. നാണ്യപ്പെരുപ്പം ഉടന്‍ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്നും അരുൺ ജെയ്റ്റ്ലി അമിത പ്രതീക്ഷ പ്രകടിപ്പിച്ചു.