ദുബായിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഇനി സൗജന്യ സിം കാര്‍ഡ് ; നടപടി സഞ്ചാരികളുടെ സന്തോഷം ലക്ഷ്യമിട്ട്

Jaihind News Bureau
Sunday, June 16, 2019

SIM-Dubai

ദുബായ് : രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ടൂറിസ്റ്റ് വീസക്കാര്‍ക്ക് ഇനി , സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ നല്‍കും. ഒരു മാസത്തെ സമയ പരിധിയില്‍ നല്‍കുന്ന ഡു കമ്പനിയുടെ സിം കാര്‍ഡാണിത്. ട്രാന്‍സിറ്റ് വിസ, സന്ദര്‍ശക വിസ, വിസ ഓണ്‍ അറൈവല്‍, ജിസിസി പൗരന്മാര്‍ എന്നിവര്‍ക്കും സൗജന്യമായി സിം കാര്‍ഡ് ലഭിക്കും.

ദുബായ് കേന്ദ്രമായ എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷന്‍സ് എന്ന ഡു മൊബൈല്‍ കമ്പനിയുടെ കണക്ട് വിത് ഹാപ്പിനസ് എന്ന പദ്ധതിയുടെ ഭാഗമായാണിത്. ഇതനുസരിച്ച്, ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന ടൂറിസ്റ്റ് വിസക്കാര്‍ക്കാണ്, ഈ സൗജന്യ പ്രീ പെയിഡ് മൊബൈല്‍ ഫോണ്‍ സിം കാര്‍ഡുകള്‍ ലഭിക്കും. 18 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമാണ് സിം കാര്‍ഡ് നല്‍കുക. മൂന്നു മിനിറ്റ് ടോക് ടൈം, 20 എംബി മൊബൈല്‍ ഡാറ്റ എന്നിവ സൗജന്യമായുള്ള സിം കാര്‍ഡാണിത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് ഇവ ലഭിക്കുമെന്ന് ദുബായ് എമിഗ്രേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മറി പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1, 2, 3 ലൂടെ എത്തുന്നവര്‍ക്കാണ് ഈ ആനൂകൂല്യം. ദുബായിലെത്തുന്ന സഞ്ചാരികളുടെ സന്തോഷമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സ്മാര്‍ട് ദുബായ് , ഓഫിസ് ഡയറക്ടര്‍ ജനറല്‍, ഡോ.അയിഷ ബിന്‍ത് ബുത്തി ബിന്‍ ബിഷര്‍ പറഞ്ഞു. 30 ദിവസത്തേയ്ക്ക് മാത്രമാണ് ഈ സിം കാര്‍ഡ് ഉപയോഗിക്കാനാവുക. വിനോദ സഞ്ചാരികള്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ സിം പ്രവര്‍ത്തന രഹിതമാകുമെന്നും ഡു അധികൃതര്‍ പറഞ്ഞു. സ്‌മോള്‍, മീഡിയം, ലാര്‍ജ് പാക്കേജുകളില്‍ സിം കാര്‍ഡ്, ടോപ് അപ് ചെയ്യാനും സാധിക്കും.

teevandi enkile ennodu para