കാശ് നല്‍കിയാല്‍ ‘പ്രവചനം’ കൊഴുക്കും ; സംസ്ഥാനത്ത് തുടർഭരണം പ്രവചിച്ചത് തട്ടിപ്പ് സർവെ കമ്പനി

Jaihind News Bureau
Monday, March 22, 2021

തിരുവനന്തപുരം : കേരളത്തില്‍ തുടർഭരണം പ്രവചിച്ചത് തട്ടിപ്പ് സര്‍വെ കമ്പനിയെന്ന് രേഖകള്‍. സി-വോട്ടർ എന്ന ഏജന്‍സിയാണ് കേരളത്തിലെ ചില മാധ്യമങ്ങള്‍ക്ക് വേണ്ടി സർവെ നടത്തിയത്. പണം വാങ്ങി രാഷ്ട്രീയ കക്ഷികള്‍ക്ക് അനുകൂലമായ വിധത്തില്‍ തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജന്‍സികളെ കുടുക്കാനായി ഡല്‍ഹിയിലെ ഒരു ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയ കമ്പനിയാണ് ഇത്. കാശ് നല്‍കിയാല്‍ എങ്ങനെയും സര്‍വെ നടത്തിക്കൊടുക്കലാണ് ഇവർ ചെയ്യുന്നതെന്നാണ് ന്യൂസ് എക്‌സ്പ്രസ് കണ്ടെത്തിയത്.

2014ല്‍ ഡല്‍ഹിയില്‍ നിന്ന് പ്രക്ഷേപണം ചെയ്ത ‘ന്യൂസ് എക്‌സ്പ്രസ് ‘ എന്ന ടെലിവിഷന്‍ ചാനല്‍ ‘ഓപ്പറേഷന്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പേരില്‍ നടത്തിയ ഒളിക്യാമറാ ഓപ്പറേഷനിലാണ് സി- വോട്ടർ കുടുങ്ങിയത്. ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന യശ്വന്ത് ദേശ് മുഖ് എന്ന വ്യക്തിയുടേതാണ് സി-വോട്ടര്‍. കാശ് വാങ്ങി പാര്‍ട്ടികളുടെ ഇംഗിതം അനുസരിച്ച് സര്‍വെ നടത്തിക്കൊടുക്കുന്ന ഇത്തരത്തിലുള്ള 11 ഏജന്‍സികളെയാണ് സ്റ്റിംഗ് ഓപ്പറേഷനില്‍ പിടികൂടിയത്. ക്യൂ.ആര്‍.എസ്, സി-വോട്ടര്‍, ഐ പോസ് ഇന്ത്യ, എം.എം.ആര്‍, ഡി.ആര്‍.എസ് തുടങ്ങിയ പെയ്ഡ് സർവെക്കാരാണ് അന്ന് വെട്ടിലായത്.

2014 ല്‍ ബിജെപി വ്യാപകമായി പെയ്ഡ് സർവെ നടത്തുന്നു എന്നത് വലിയ വിവാദമായി ഉയർന്നുവന്നതോടെയാണ് ഇത്തരമൊരു സ്റ്റിംഗ് ഓപ്പറേഷനുമായി ന്യൂസ് എക്സ്പ്രസ് ചാനല്‍ മുന്നോട്ടുവന്നത്. സി-വോട്ടറിന്‍റെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ചില പ്രമുഖ ഗ്രൂപ്പുകള്‍ അവരുമായുള്ള കരാര്‍ റദ്ദാക്കിയിരുന്നു. ഇങ്ങനെ തട്ടിപ്പ് ഇടപാടില്‍ കയ്യോടെ പിടികൂടിയ സി-വോട്ടര്‍ എന്ന സര്‍വ്വെ കമ്പനിയാണ് മൂന്ന് മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ടി പിണറായിക്ക് തുടര്‍ഭരണം പ്രവചിച്ചിരിക്കുന്നത്. നിര്യാതനായ കേരള കോണ്‍ഗ്രസ് നേതാവ് സി.എഫ് തോമസിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് 0.8 ശതമാനം പിന്തുണയുണ്ടെന്ന് കണ്ടെത്തിയ ഏജന്‍സിയാണ് സി-വോട്ടര്‍ എന്നതും ശ്രദ്ധേയമാണ്. ഇത്തരത്തില്‍ യാതൊരു വിശ്വാസ്യതയുമില്ലാത്ത ഒരു ഏജന്‍സിയാണ് സംസ്ഥാനത്ത് തുടർഭരണം പ്രവചിക്കുന്നത് എന്നതാണ് രസകരം.

പെയ്ഡ് സര്‍വേകളാണ് വന്നിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിനെ ബലപ്പെടുത്തുന്ന വസ്തുതകളാണ് വ്യക്തമാകരുന്നത്. മോദിയുടെ അതേ പാതയില്‍ പണം വാരിയെറിഞ്ഞ് മാധ്യമങ്ങളെ വിലയ്ക്കെടുക്കുകയാണ് പിണറായി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിശ്വാസ്യതയില്ലാത്ത ഇത്തരം സർവേകളെ തള്ളിക്കളയുന്നതായും ജനങ്ങളുടെ സർവേ യുഡിഎഫിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.