മുന്‍ RBI ഗവര്‍ണര്‍ ശക്തികാന്ത ദാസിന് മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമനം

Jaihind News Bureau
Saturday, February 22, 2025

പ്രധാനമന്ത്രി മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി -2 ആയി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. മന്ത്രിസഭയുടെ നിയമന സമിതി ഈ നിയമനം അംഗീകരിച്ചു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി -1 പി കെ മിശ്രയാണ് . അദ്ദേഹം 2019 മുതല്‍ ആ പദവിയില്‍ തുടരുന്നുണ്ട്. പ്രധാനമന്ത്രിയുടെ കാലാവധി അവസാനിക്കുന്നതുവരെയോ അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെയോ ആയിരിക്കും ദാസിന്റെ നിയമനം എന്നാണ് ഉത്തരവില്‍ സൂചിപ്പിക്കുന്നത്. മോദിയുടെ കടുത്ത അനുയായി ആയാണ് അദ്ദേഹം അറിയപ്പെടുന്നത്

1957 ഫെബ്രുവരി 26 ന് ഭുവനേശ്വറില്‍ ജനിച്ച ദാസ് ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ചരിത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കി. 1980 ബാച്ച് തമിഴ്നാട് കേഡറിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം, തമിഴ്നാട്ടിലും കേന്ദ്ര സര്‍ക്കാരുകളിലും വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചു.2021 ല്‍, പൊതുഭരണത്തിനുള്ള സംഭാവനകള്‍ക്ക് ഉത്കല്‍ സര്‍വകലാശാല ദാസിന് ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് (ഡി.ലിറ്റ്) ബിരുദം നല്‍കി.