ജർമനിയിലെ കൊലയാളി നഴ്‌സ് നീൽ ഹോഗലിന് ജീവപര്യന്തം തടവ്

Jaihind Webdesk
Friday, June 7, 2019

ജർമനിയിലെ കൊലയാളി മെയിൽ നഴ്‌സ് നീൽ ഹോഗലിന് ജീവപര്യന്തം തടവുശിക്ഷ. വടക്കൻ ജർമനിയിലെ ഓൾഡൻബർഗ്, ഡെൽമെൻഹോർസ്റ്റ് എന്നീ രണ്ട് ആശുപത്രികളിലായി 85 പേരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.

ഹോഗലിൻറെ കൊലപാതകങ്ങൾ അപൂർവം എന്ന് ലോവറിലെ ഓൾഡൻബുർഗ് ജില്ലാക്കോടതി ജഡ്ജി സെബാസ്റ്റ്യൻ ബ്യൂമർമാൻ വിശേഷിപ്പിച്ചു. 1999നും 2005നും ഇടയ്ക്കു രണ്ടു രോഗികൾക്കു ഹൃദയാഘാതം ഉണ്ടായി ജീവൻ നഷ്ടപ്പെടാനിടയാകുന്ന തരത്തിൽ മരുന്നു നൽകി കൊലപ്പെടുത്തിയതായി നേരത്തേ തെളിഞ്ഞിരുന്നു. ഇതിനു ശിക്ഷ അനുഭവിച്ചുവരവേയാണ് കൂടുതൽ കേസുകളിൽ ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ആധുനിക ജർമനിയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ കൊലയാളിയെന്നാണു ഇയാളെ കോടതി വിലയിരുത്തിയത്. വിചാരണയുടെ അവസാന ദിവസം, തൻറെ ക്രൂരതയിൽ ഇരകളായവരുടെ കുടുംബാംഗങ്ങളോട് ഹൊഗൽ ക്ഷമാപണം നടത്തിയിരുന്നു.

130-ഓളം രോഗികളെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻറെ ആരോപണം. 55 പേരെ കൊലപ്പെടുത്തിയെന്നു ഹോഗൽ കോടതിയിൽ ഏറ്റുപറഞ്ഞു. എന്നാൽ, സാഹചര്യത്തെളിവുകൾ നിരത്തി 85 പേരെ കൊലപ്പെടുത്തിയതിനുള്ള വിധിന്യായമാണു ജഡ്ജി പ്രസ്താവിച്ചത്. കൂടുതൽ പേരെ കൊലപ്പെടുത്തിയെന്നു കരുതുന്നുണ്ടെങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്നു പോലീസ് കരുതുന്നു.

2005-ൽ ഡെൽമെൻഹോർസ്റ്റ് ആശുപത്രിയിലെ ഒരു രോഗിക്ക് അനിയന്ത്രിതമായി മരുന്നുകൾ നൽകിയതിനാണു ഹോഗൽ ആദ്യമായി പിടിക്കപ്പെടുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകങ്ങളുടെ ചുരുൾ അഴിയുന്നത്.