മുൻ ചീഫ് സെക്രട്ടറി സി.പി നായർ അന്തരിച്ചു

Jaihind Webdesk
Friday, October 1, 2021

തിരുവനന്തപുരം : മുൻ ചീഫ് സെക്രട്ടറിയും ഭരണപരിഷ്കാര കമ്മീഷന്‍ അംഗവും എഴുത്തുകാരനുമായ സി.പി നായർ  അന്തരിച്ചു. 81 വയസായിരുന്നു. സംസ്ഥാന സര്‍ക്കാരിലെ നിരവധി സുപ്രധാന പദവികള്‍ വഹിച്ച ഉദ്യോഗസ്ഥനായിരുന്നു. ഏറെക്കാലമായി തിരുവനന്തപുരത്ത് വിശ്രമ ജീവിതത്തിലായിരുന്നു. സംസ്കാരം നാളെ നടക്കും.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിഎ (ഓണേഴ്സ്) നേടിയ അദ്ദേഹം കുറച്ചുനാള്‍ കോളേജ് അധ്യാപകനായി പ്രവർത്തിച്ച ശേഷമാണ് സിവിൽ സർവീസിലെത്തിയത്. 1982 – 87 കാലയളവിൽ മുഖ്യമന്ത്രി കെ കരുണാകരന്‍റെ സെക്രട്ടറിയായിരുന്നു. ഒറ്റപ്പാലം സബ്കളക്ടർ, തിരുവനന്തപുരം ജില്ലാ കളക്ടർ, ആസൂത്രണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്‍റെ ഡെപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി, റവന്യൂ ബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു.

കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ , പുഞ്ചിരി പൊട്ടിച്ചിരി, ഇരുകാലി മൂട്ടകൾ, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരൻ എൻ.പി ചെല്ലപ്പൻ നായരുടെ പുത്രനാണ്. ഭാര്യ- സരസ്വതി, മക്കള്‍ – ഹരിശങ്കർ, ഗായത്രി.