ഉമ്മൻ ചാണ്ടിക്ക് മരണാനന്തര ബഹുമതിയായി ബിഷപ്പ് ജെറോം മരിയ ഫെർണാണ്ടസ് സമരിറ്റൻ പുരസ്കാരം

Jaihind News Bureau
Thursday, February 27, 2025

ഭാരതത്തിലെ പ്രഥമ കത്തോലിക്ക രൂപതയായ കൊല്ലം രൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ബിഷപ്‌ ജെറോം മരിയ ഫെർണാണ്ടസിന്‍റെ പേരിൽ കൊല്ലം രൂപത ഏർപ്പെടുത്തിയ ഗുഡ് സമരിറ്റൻ പുരസ്കാരം മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക്.
ഫെബ്രുവരി 28 ന് ബിഷപ്പ് കത്തലാനി ഹാളിൽ ബിഷപ്പ് ഡോ.പോൾ ആന്‍റണി മുല്ലശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ. മന്ത്രി ജെ.ചിഞ്ചുറാണി യോഗം ഉദ്ഘാടനം ചെയ്യും. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ബിഷപ്പ് ഡോ.പോൾ ആന്‍റണി മുല്ലശ്ശേരിയിൽനിന്നും പുരസ്‌കാരം ഏറ്റുവാങ്ങും. 25000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഈ പുരസ്കാരത്തിന് സമകാലിക കേരളത്തിൽ ഏറ്റവും അർഹതയുള്ള ഉമ്മൻ ചാണ്ടിയുടെ പ്രവർത്തനങ്ങൾ കേരള ജനത എല്ലാകാലവും ഓർക്കും. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യകാലത്ത് കൊല്ലം രൂപതയെ നയിച്ച ജെറോം പിതാവിന്‍റെ ഓർമ്മ ഇന്നും പുളകമുണർത്തുന്നതാണ്. വിദ്യാഭ്യാസ-ആതുര ശുശ്രൂഷ-സാമൂഹ്യ സേവന മേഖലകളുടെ ഉന്നമനത്തിനായി ദൈവദാസൻ ബിഷപ്പ് ജെറോം പിതാവ് പകര്‍ന്ന് നല്‍കിയത് മൂല്യവത്തായ ദര്‍ശനങ്ങളും കാഴ്ച്ചപ്പാടുകളുമാണ്. കൊല്ലം രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ക്വയിലോൺ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപനത്തിലൂടെ ജെറോം പിതാവ് കൂടുതല്‍ കര്‍മ്മ ശേഷിയുള്ളവരായി പ്രവര്‍ത്തിക്കുവാൻ പ്രാപ്തരാക്കി. വിശ്വാസ സമൂഹത്തെ മാത്രമല്ല കൊല്ലം ജില്ലയിലെ വലിയ വിഭാഗം ജനങ്ങളെ ബാങ്കിംഗ് സാമ്പത്തിക, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ, സാങ്കേതിക പത്രമാധ്യമപ്രവർത്തനങ്ങളിലൂടെ ഉന്നതിയിലേക്ക് നയിക്കാൻ നടപടികൾ സ്വീകരിച്ചു.

സമൂഹത്തിന്‍റെ സമസ്ഥമേഖലകളേയും സ്പര്‍ശ്ശിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുവാന്‍ ജെറോം പിതാവിനാല്‍ കൊല്ലം രൂപതയ്ക്ക് സാധിച്ചുവെന്നും പ്രത്യേകമായി ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കിയ സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മുഖ്യധാരാവത്ക്കരണത്തിന് വഴിയൊരുക്കുവാന്‍ സാധിച്ചുവെന്നത് ഏറെ മാതൃകാപരമായ കാര്യമാണ്. കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായ ദൈവദാസൻ ജെറോ മരിയ ഫെണാണ്ടസ് പിതാവ് നിത്യതയിലേക്ക് കടന്നുപോയതിന്‍റെ 33-ാം ചരമ വാർഷികമാണ് ഫെബ്രുവരി 26ാം തീയതി.

ക്രിസ്തുമതത്തെ ഭാരതീയ ചിന്തയോട് ചേർത്തുവെച്ച മഹാപുരോഹിതൻ ആയിരുന്ന അഭിവന്ദ്യ പിതാവ് 1937 മുതൽ -1978 വരെയുള്ള 41 വർഷക്കാലം കൊല്ലം രൂപത മെത്രാൻ എന്ന നിലയിൽ അജപാലന ദൗത്യം നിർവഹിച്ചപ്പോൾ അദ്ദേഹം സേവനമനുഷ്ഠിച്ചത് കൊല്ലം രൂപതയുടെ ചരിത്രത്തിൽ മാത്രമല്ല ഭാരത സഭയുടെയും രാജ്യത്തിൻ്റെയും സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊല്ലം രൂപതയെ ദീർഘവീക്ഷണത്തോടെ ആധുനിക കാലഘട്ടത്തിലേയ്ക്ക് നയിച്ച മുഖ്യപുരോഹിതനും തികഞ്ഞ ജനാതിപത്യ വാദിയുമായിരുന്നു ദൈവദാസൻ ജെറോം മരിയ ഫെണാണ്ടസ്.