പ്രളയ ഫണ്ടിലും കയ്യിട്ട് വാരല്‍: മുഖം നഷ്ടമായി സി.പി.എം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പരാതി

Jaihind News Bureau
Friday, March 6, 2020

കൊച്ചി : പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഖം നഷ്ടപ്പെട്ട് സി.പി.എം. കേസിൽ അറസ്റ്റിലായ എല്ലാവരും സി.പി.എം നേതാക്കളാണ് എന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നു. കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പെടെ കൂടുതൽ പ്രമുഖർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നും, സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ ഗിരീഷ് ബാബു സഹകരണ മന്ത്രിക്ക് വീണ്ടും പരാതി നൽകി. അതിനിടെ കേസിൽ അറസ്റ്റിലാകുന്നവരെ പുറത്താക്കി മുഖം സംരക്ഷിക്കുന്ന തിരക്കിലാണ് സി.പി.എം നേതൃത്വം ഇപ്പോൾ.

ഗോപി കോട്ടമുറിക്കൽ വിവാദത്തിന് ശേഷം സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയെ ഇത്രമാത്രം സമ്മർദ്ദത്തിലാക്കിയ സംഭവം അടുത്തൊന്നും ഉണ്ടായിട്ടില്ല. പ്രളയ ഫണ്ട് തട്ടിപ്പ് പുറം ലോകം അറിയാതെ ഒതുക്കി തീർക്കാൻ സി.പി.എം നേതാക്കൾ നടത്തിയ ശ്രമം ആദ്യഘട്ടത്തിൽ വിജയിച്ചു. അൻവറിന് പണം നൽകാൻ വിസമ്മതിച്ച സഹകരണ ബാങ്ക് മാനേജറെ, കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍റെയും , അൻവറിന്‍റെഭാര്യ റൗലത്ത് ഉൾപ്പെടുന്ന സി.പി.എം ഭരണ സമിതിയുടെയും സമ്മർദ്ദത്തെ തുടർന്നാണ്  5 ലക്ഷം രൂപ വിട്ടുനൽകാൻ ബാങ്ക് തയാറായത്.  തട്ടിപ്പിനെ കുറിച്ച് സംശയം തോന്നിയ അയ്യനാട് സഹകരണ ബാങ്കിലെ ജീവനക്കാർ ജില്ലാ കളക്ടർക്ക് ഫെബ്രുവരി അവസാനം പരാതി നൽകി. കളക്ടർ അന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പുതന്നെ തുക മടക്കി നൽകി. പരാതി പിൻവലിപ്പിക്കാനും കളമശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ ഉൾപ്പടെയുള്ള നേതാക്കൾ ശ്രമിച്ചു.

അൻവർ പിൻവലിച്ച 5 ലക്ഷം രൂപ സഹകരണ ബാങ്കിൽ മടക്കി അടക്കാനായിരുന്നു നീക്കം. എന്നാൽ പരാതിയുമായി ഗിരീഷ് ബാബു എന്ന പൊതുപ്രവർത്തകൻ രംഗത്തെത്തിയതോടെ തട്ടിപ്പ് പുറം ലോകം അറിഞ്ഞു. ഇതോടെ സി.പി.എം നേതൃത്വം പിൻവാങ്ങി. പ്രളയഫണ്ടിൽ നിന്നും 10,54,000 രൂപ സി.പി.എം നേതാക്കൾ വകമാറ്റി തട്ടിയെടുത്തു എന്നതായിരുന്നു  പരാതി. എന്നാൽ പോലീസ് അന്വേഷണത്തിൽ 13 ലക്ഷമായി തട്ടിപ്പ് തുക വർധിച്ചു. ഇതിനകം 4 പേർ കേസിൽ അറസ്റ്റിലായി. ഒന്നാം പ്രതിയായ കളക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ്, എന്‍.ജി.ഒ യൂണിയൻ നേതാവാണ്.  രണ്ടാം പ്രതി മഹേഷ് സി.പി.എം അനുഭാവിയും. ഒളിവിൽ കഴിയുന്ന മൂന്നാം പ്രതി അൻവറും, അറസ്റ്റിലായ നാലാം പ്രതി നിധിനും സി.പി.എം തൃക്കാക്കര ലോക്കൽ കമ്മിറ്റി അംഗങ്ങളാണ്. പാർട്ടി അനുഭാവിയായ നിധിന്‍റെ ഭാര്യ ഷിന്‍റുവും റിമാൻഡിലാണ്. തട്ടിപ്പിന് കൂട്ടുനിന്നതിന് അൻവറിന്‍റെ ഭാര്യ റൗലത്തിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് ഭരണസമിതിയിലെ മറ്റ് സി.പി.എം നേതാക്കളും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇതിനിടെ അറസ്റ്റിലായ  നിധിൻ, ഒളിവിൽ കഴിയുന്ന അൻവർ എന്നിവരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ട്  സി.പി.എം മുഖം രക്ഷിക്കൽ നടപടികൾ ആരംഭിച്ചു. എന്തായാലും പ്രളയഫണ്ട് തട്ടിപ്പ് വിവാദത്തിൽ നിന്നും അത്ര വേഗമൊന്നും രക്ഷപ്പെടാൻ സി.പി.എമ്മിന് സാധിക്കില്ല.