പ്രളയ ഫണ്ടില്‍ നിന്ന് സിപിഎം നേതാക്കള്‍ കയ്യിട്ട് വാരിയ പണം എത്തിയത് തൃക്കാക്കര അയ്യനാട് സർവീസ് സഹകരണ ബാങ്കില്‍

Jaihind Webdesk
Sunday, May 22, 2022

സംസ്ഥാനം വിറങ്ങലിച്ച മഹാപ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ജീവിതത്തിലേക്ക് കരകയറ്റാൻ കേരളം സമാഹരിച്ച ദുരിതാശ്വാസ നിധിയിൽ നിന്നും കൈയ്യിട്ട് വാരിയ സി.പി.എം നേതാക്കളെ കേരളം ഇന്നും മറന്നിട്ടില്ല. ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി എത്തിയത് തൃക്കാക്കര മണ്ഡലത്തിലെ സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സർവീസ് സഹകരണ ബാങ്കിലെ അകൗണ്ടിലേക്കായിരുന്നു.

മഹാപ്രളയത്തിൽ എല്ലാം തകർന്ന് ജീവിതം മുൾമുനയിൽ ആയവരെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റാൻ കേരളം ഒന്നടങ്കം കൈകോർത്തപ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് കോടികളായിരുന്നു.എന്നാൽ പ്രളയം ഏറ്റവും അധികം നാശം വിതച്ച എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കൾ ഇത് സുവർണ്ണാവസരമായി മുതലെടുക്കുകയായിരുന്നു. കോടികളാണ് പ്രളയ ഫണ്ടിൽ നിന്നും സി.പി.എം നേതാക്കൾ തട്ടിയെടുത്തത്.എറണാകുളം കളക്ടേറ്റിലെ പരിഹാര സെല്ലിലെ ജീവനക്കാരനും സി.പി.എം അനുകൂല ജീവനക്കാരുടെ സംഘടനയുടെ നേതാവുമായ വിഷ്ണു പ്രസാദ്, ഇടനിലക്കാരനും കാക്കനാട് സ്വദേശിയുമായ മഹേഷ്, സിപിഎം തൃക്കാക്കര ഈസ്റ്റ് മുൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ അൻവർ, നിധിൻ, അൻവറിന്‍റെ ഭാര്യയും സി.പി.എം ഭരിക്കുന്ന അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടറുമായ കൗലത്ത് അൻവർ, നീതു, ഷിന്‍റു മാർട്ടിൻ എന്നിവരാണ് കേസിലെ പ്രതികൾ.

യഥാർത്ഥ ഗുണഭോക്താക്കൾക്കായി കളക്ടർ അനുവദിച്ച തുക കംപ്യൂട്ടർ രേഖകളിൽ തിരുത്തൽ വരുത്തി പ്രതികൾ സ്വന്തം പേരിലേക്ക് മാറ്റുകയായിരുന്നു. തട്ടിപ്പിൽ ഉന്നത സിപിഎം നേതാക്കൾക്കെതിരെ ആരോപണം ഉയർന്നെങ്കിലും അന്വേഷണം മൂന്നാട്ട് പോകാതെ നിലയ്ക്കുകയായിരുന്നു.സി.പി.എം നിയന്ത്രണത്തിലുള്ള അയ്യനാട് സഹകരണ ബാങ്ക് കൂടി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിന്‍റെ അക്കൗണ്ടിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾക്കായി തുക എത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.ബാങ്ക് വഴി പ്രതികൾ തട്ടിയെടുത്ത 27 ലക്ഷം രൂപയിൽ 10.58 ലക്ഷം രൂപ മാത്രമാണ് കണ്ടെത്തിയത്. ബാക്കി തുക സംബന്ധിച്ച വിവരവും പ്രതികളിൽ നിന്ന് ലഭിച്ചില്ല.ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 73 ലക്ഷം തട്ടിയത് കേസിൽ കലക്ട്രേറ്റ് ജീവനക്കാരൻ വിഷ്ണു പ്രസാദ് വഴിയായിരുന്നു. രണ്ട് കേസിലും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് ഉന്നത നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് കാര്യമായ അന്വേഷണം ഒന്നും നടന്നില്ല എന്നതാണ് സത്യം.