അന്നം മുട്ടിക്കുന്ന നടപടി ; ‘ആഴക്കടലില്‍’ ആശങ്കയോടെ മത്സ്യത്തൊഴിലാളികള്‍ ; സർക്കാരിനെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Sunday, February 28, 2021

 

സർക്കാരിന്‍റെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി മത്സ്യത്തൊഴിലാളികളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഉപജീവന മാർഗം വരെ ഇല്ലാതാക്കുന്ന പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് തീരദേശ മേഖലകളിൽ നിന്നും ഉയരുന്നത്. ഈ പ്രതിഷേധം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും മത്സ്യതൊഴിലാളികൾ വ്യക്തമാക്കുന്നു.

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മുതൽ വടകര വരെ നീണ്ടുകിടക്കുന്ന തീരദേശ മേഖലകളിൽ ഭൂരിഭാഗം പേർക്കും ഉപജീവനമാർഗം മത്സ്യബന്ധനമാണ്. പ്രതിസന്ധികളെയും പ്രതികൂലമായ സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറുന്ന മത്സ്യത്തൊഴിലാളികൾക്ക് പക്ഷെ ആഴക്കടൽ മത്സ്യബന്ധന പദ്ധതി നൽകുന്നത് കടുത്ത ആശങ്ക. ഉമ്മൻ ചാണ്ടി സർക്കാർ നൽകിയിരുന്ന പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുകയും നിർത്തിവെക്കുകയും ചെയ്തു എന്നതിനപ്പുറത്തേക്ക് യാതൊന്നും മത്സ്യത്തൊഴിലാളികൾക്കായി ചെയ്യാൻ ഇടതു സർക്കാരിന് കഴിഞ്ഞിട്ടില്ല എന്നാണ് ഉയരുന്ന ആക്ഷേപം.

സി.പി.എമ്മിന് താരതമ്യേന സ്വാധീനമുള്ള കോഴിക്കോടിന്‍റെ തീരദേശ മേഖലകളിൽ നിന്നും ഒരു വലിയ വിഭാഗം മത്സ്യത്തൊഴിലാളികൾ മാറി ചിന്തിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. വീട് കയറിയുള്ള വിശദീകരണം ഉൾപ്പെടെ നടത്താൻ ഇടതുപക്ഷം ശ്രമിക്കുമ്പോഴും ജീവനും ജീവിതോപാധിയുമായ മത്സ്യബന്ധനം ഇല്ലാതാക്കുന്ന നടപടിക്കെതിരെ തെരഞ്ഞെടുപ്പിൽ പ്രതിഷേധിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.