ആദ്യഘട്ട പോളിങ് നാളെ ; നെഞ്ചിടിപ്പോടെ എല്‍ഡിഎഫ്,  വിജയപ്രതീക്ഷയില്‍ യുഡിഎഫ്

 

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് നാളെ തുടക്കംകുറിക്കുമ്പോള്‍ ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യമുന്നണി ഈ തെരഞ്ഞെടുപ്പില്‍ വന്‍ പ്രതിരോധത്തിലാണ്. പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നുവന്ന വിവാദ കൊടുങ്കാറ്റില്‍ പിടിച്ചുനില്‍ക്കാനാകാത്ത മുന്നണി,  സമ്മതിദായകരോട് രാഷ്ട്രീയം പറഞ്ഞല്ല  തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്ഥാനാര്‍ത്ഥികളുടെ മേന്മയും ഗുണങ്ങളും വര്‍ണ്ണിച്ചുകൊണ്ട് വോട്ട് തേടുമ്പോള്‍ സമ്മതിദായകരുടെ പ്രതികരണവും ഇടതുമുന്നണിക്കനുകൂലമല്ല.

പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരി ലഹരിമരുന്ന് കേസില്‍ ജയിലിലായതും സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌നയുടേയും സരിത്തിന്റേയും പുതിയ മൊഴികളും ഈ തെരഞ്ഞെടുപ്പ് ആകാശത്ത് ഇടതുമുന്നണിക്ക് ഓരോ മണിക്കൂറുകളും വിവാദത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുകയാണ്. രാഷ്ട്രീയകേരളം ഏറെ ചര്‍ച്ചചെയ്യുന്നത് ഡോളര്‍ കടത്തിലെ ആ ഉന്നതന്‍ ആരെന്നാണ്. ഭരണഘടന പദവിയുള്ള എന്നാല്‍ മന്ത്രിയല്ലാത്ത ആ രാഷ്ട്രീയ നേതാവിന്റെ പേര് ആരുടേതായിരിക്കുമെന്ന നെഞ്ചിടിപ്പോടുകൂടിയാണ് തെരഞ്ഞെടുപ്പിന്റെ അവസാനമണിക്കൂറില്‍ സിപിഎമ്മിനേയും ഇടതുമുന്നണി പ്രവര്‍ത്തകരേയും ഭയപ്പെടുത്തുന്നത്.

ക്ഷേമപെന്‍ഷനുകളും പിണറായിയുടെ വികസനപ്രവര്‍ത്തനങ്ങളും പ്രതിരോധിക്കാന്‍ വാക്കുകളുടെ ആയുധങ്ങളായി സിപിഎം നേതൃത്വം പ്രയോഗിക്കുന്നുണ്ടെങ്കിലും ചേമ്പിലയിലെ വെള്ളത്തുള്ളികള്‍ പോലെയാണ്. പിണറായി സര്‍ക്കാരിനുനേരെ ഉയരുന്ന വിവാദങ്ങളെല്ലാം തന്നെ നിഷേധിക്കാന്‍ അരിയാഹാരം കഴിക്കുന്ന സഖാക്കള്‍ക്കും കഴിയുന്നില്ല എന്നതാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്നുള്ള വര്‍ത്തമാനകഥകള്‍.

ബിജെപിയാകട്ടെ കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്നവാകാശപ്പെടുന്നുണ്ടെങ്കിലും ഡല്‍ഹിയെ വിറപ്പിച്ച കര്‍ഷക പ്രക്ഷോഭവും ഓരോ ദിവസവും വര്‍ധിക്കുന്ന ഇന്ധനവിലയും ബിജെപിക്കും കാലിടറുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. നാളെ 5 ജില്ലകളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തന്നെ ഈ രാഷ്ട്രീയ കാരണങ്ങളുടെ സൂചനകള്‍ ബാലറ്റ് പേപ്പറില്‍ പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വാദം.

Comments (0)
Add Comment