കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങി

Jaihind Webdesk
Thursday, September 20, 2018

കണ്ണൂര്‍: നിർമാണം അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ റൺവേയിൽ വലിയ യാത്രാ വിമാനം പറന്നിറങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുള്ള ബോയിംഗ് 738 വിമാനമാണ് ഇറങ്ങിയത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് യാത്ര വിമാനം കണ്ണൂരിൽ ഇറങ്ങിയത്. 10.25 ഓടെ കണ്ണൂർ വിമാനത്താവളത്തിന് മുകളിൽ എത്തിയ വിമാനം 6 വട്ടം പരീക്ഷണ പറക്കൽ നടത്തിയാണ് റൺവേയിൽ ഇറങ്ങിയത്. വിമാനത്താവഉത്തിലെ സാങ്കേതിക പരിശോധനകൾക്ക് വേണ്ടിയാണ് പല തവണ വട്ടമിട്ട് പറന്നത്. വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത വിമാനത്തെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്.

സാങ്കേതിക വിദഗ്ധരുടെയും കിയാൽ (KIAL) ഉന്നതോദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രാ വിമാനത്തിന്റെ പരീക്ഷണ ലാൻഡിംഗ്. ആദ്യമായി കണ്ണൂരിൽ യാത്രാ വിമാനം ഇറക്കിയ പൈലറ്റുമാരും സംതൃപ്തരായിരുന്നു.

യാത്രാവിമാനമിറക്കിയുള്ള പരിശോധനയ്ക്ക് ശേഷം അടുത്ത ദിവസങ്ങളിൽ തന്നെ ഡി.ജി.സി.എ സംഘം ഡൽഹിയിലെത്തി വ്യോമയാന മന്ത്രാലയത്തിന് പരിശോധനാ റിപ്പോർട്ട് കൈമാറും. വിമാനത്താവളത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അന്തിമപരിശോധന കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ഈ മാസം
‌ 29 ന് ചേരുന്ന കിയാൽ യോഗം ഉദ്ഘാടന തീയതി പ്രഖ്യാപിച്ചേക്കും.

https://www.youtube.com/watch?v=XEnF1eVDfG4