തിരുവനന്തപുരത്തെ സ്വര്‍ണം കടത്ത് : കസ്റ്റംസ് ഉദ്യോഗസ്ഥന് പ്രധാന പങ്കെന്ന് സിബിഐ

Jaihind Webdesk
Thursday, June 6, 2019

Trivandrum-Airport

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥന് പ്രധാന പങ്കെന്ന് സിബിഐ എഫ്ഐആർ. ഉദ്യോഗസ്ഥരുടെ സഹായത്തോടെ കടത്തിയത് കോടികളുടെ സ്വർണമെന്നും എഫ് ഐ ആറിൽ പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ കേസിൽ കസ്റ്റംസ് സൂപ്രണ്ട് ബി.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് സിബിഐയുടെ പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ മെയ് മാസങ്ങളിലാണ് കള്ളക്കടത്തുകാരുമായി ഗൂഢാലോചന നടത്തിയതെന്നും വിദേശത്തുനിന്ന് സ്വര്‍ണമെത്തിച്ച കാരിയേഴ്സിന് വിമാനത്താവളത്തില്‍ ദേഹപരിശോധന ഉൾപ്പടെ ഒഴിവാക്കിക്കൊടുത്തതും രാധാകൃഷ്ണനാണെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോടികളുടെ സ്വര്‍ണമാണ് കടത്തിയതെന്നും സിബിഐ തയ്യാറാക്കിയ റിപ്പോർട്ടിലുണ്ട്.

അതേസമയം ബാലഭാസ്കറിന്‍റെ മരണത്തില്‍ ആരോപണവിധേയനായ പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണക്കടത്തിലെ പ്രധാനികളാണെന്നുള്ള പരാമർശവും എഫ്ഐആറിൽ സി.ബി.ഐ ഉൾപ്പെടുത്തിയിട്ടുണ്ട്.