
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ബ്രിസ്‌ബേനിലെ ഗാബ സ്റ്റേഡിയത്തില്‍ നടക്കും. നിലവില്‍ 2-1 ന് ഇന്ത്യ പരമ്പരയില്‍ മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. നാലാം ടി20-യില്‍ 48 റണ്‍സിന്റെ ആധികാരിക വിജയം നേടിയ ഇന്ത്യന്‍ ടീം, മികച്ച ആത്മവിശ്വാസത്തിലാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. മറുവശത്ത്, പരമ്പര സമനിലയിലാക്കാന്‍ ഓസ്ട്രേലിയക്ക് ഇന്നത്തെ മത്സരം വിജയിച്ചേ മതിയാകൂ. മത്സരം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:45-ന് ആരംഭിക്കും.
കഴിഞ്ഞ മത്സരങ്ങളിലെ ഇന്ത്യയുടെ സ്പിന്‍ ആക്രമണമാണ് പരമ്പരയില്‍ നിര്‍ണായകമായത്. അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരടങ്ങുന്ന ഇന്ത്യന്‍ സ്പിന്‍ നിര ഓസീസ് ബാറ്റര്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. നാലാം മത്സരത്തില്‍ ഓസ്ട്രേലിയ 67/1 എന്ന ശക്തമായ നിലയില്‍ നിന്നാണ് 119-ന് ഓള്‍ ഔട്ടായത്. ഗാബയിലെ പേസിനെ തുണയ്ക്കുന്ന പിച്ചിലും ഇന്ത്യന്‍ സ്പിന്നര്‍മാരുടെ പ്രകടനം നിര്‍ണായകമാകും. ബാറ്റിംഗില്‍ ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ്മ, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്കൊപ്പം ഫിനിഷിംഗ് റോളിലുള്ള അക്‌സര്‍ പട്ടേല്‍, ശിവം ദുബെ എന്നിവരുടെ പ്രകടനവും നിര്‍ണായകമാണ്.
ഇന്ത്യ ഇന്ന് ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കി ഹര്‍ഷിത് റാണയെ കളിപ്പിച്ചേക്കാം. കൂടാതെ, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ്മയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. അതേസമയം ഓസീസ് നിരയില്‍ ജോഷ് ഫിലിപ്പിനു പകരം മിച്ചല്‍ ഓവന്‍ തിരിച്ചെത്തിയേക്കും.