മരംകൊള്ള : സിപിഐ നേതാവടക്കം മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു

Jaihind Webdesk
Saturday, June 26, 2021

കാഞ്ചിയാർ : ഏലമലക്കാട്ടിൽനിന്നു മരം മുറിച്ച സംഭത്തില്‍ സിപിഐ നേതാവടക്കം മൂന്ന് പേർക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഏലമലക്കാട്ടിൽനിന്നു മുറിച്ച് വെള്ളിലാങ്കണ്ടത്ത് സൂക്ഷിച്ചിരുന്ന മരത്തടികൾ പിടികൂടിയതിലാണ് സിപിഐ നേതാവ് വിആർ ശശി, പടുക സ്വദേശി മോഹനൻ, മാട്ടുക്കട്ട സ്വദേശി സുധീഷ് എന്നിവരെ പ്രതിയാക്കി വനം വകുപ്പ് കേസ് എടുത്തത്. മുറിച്ച് കടത്തിയ മരങ്ങള്‍ സൂക്ഷിച്ച സ്ഥലത്തിന്‍റെ ഉടമയാണ് മോഹനൻ, മരം വെട്ടിയതിന് സുധീഷിന്‍റെ പേരിലും ഈ തടികള്‍ വാങ്ങിയതിനാണ് വിആർ ശശിയുടെ പേരിലും  കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 13-നാണ് വെള്ളിലാങ്കണ്ടത്ത് ആൾ താമസമില്ലാത്ത വീടിനു സമീപം ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങളുടെ അഞ്ചു മെട്രിക് ടൺ തടികൾ കൂട്ടിയിട്ടിരുന്നനിലയിൽ കണ്ടെത്തിയത്. സ്ഥലത്ത് എത്തിയ കാഞ്ചിയാർ റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തടി കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. കാഞ്ചിയാർ മുൻ പഞ്ചായത്ത് പ്രസിഡന്‍റ് വിആർ ശശിയുടെ ഉടമസ്ഥതയിലുള്ള ഏലം സ്റ്റോറിനുവേണ്ടി വാങ്ങിയതാണ് തടികൾ എന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.

അന്വേഷണത്തിൽ കുമളി റേഞ്ച് പരിധിയിൽനിന്നാണ് മരങ്ങൾ മുറിച്ചതെന്ന് സൂചന കിട്ടിയതോടെ കേസ് കുമളി റേഞ്ചിന് കൈമാറി. ചെല്ലാർകോവിൽ ഫോറസ്റ്റ് സെക്ഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 18-ന് പടുക സ്വദേശിയായ മോഹനന്‍റെ പട്ടയമില്ലാത്ത കൈവശഭൂമിയിൽ മരക്കുറ്റികൾ കണ്ടെത്തി.

ചോരക്കാലിയുടെ മൂന്നുകുറ്റികളും കാട്ടുപത്രി, നാങ്ക് എന്നിവയുടെ ഓരോ കുറ്റികളുമാണ് കണ്ടെത്തിയത്. ഇതോടൊപ്പം മുറിച്ചിട്ട നാങ്ക് മരത്തിന്റെ കുറേ ഭാഗവും ഇവിടെനിന്നു കസ്റ്റഡിയിൽ എടുത്തു. സി.എച്ച്.ആറിൽ ഉൾപ്പെട്ട കൈവശ ഭൂമിയിൽനിന്നാണ് അപൂർവ്വ ഇനങ്ങളിൽപെട്ട മരങ്ങൾ മുറിച്ചുകടത്തിയത്. പട്ടയഭൂമിയിൽനിന്നുപോലും വെട്ടാൻ അനുമതി ലഭിക്കാത്ത മരങ്ങളാണിവ.

മരം മുറിക്കാൻ സഹായിച്ച തൊഴിലാളികളേയും ആയുധങ്ങൾ, തടി കടത്തിയ വാഹനം എന്നിവയും കണ്ടെത്താനുണ്ട്. മുൻപ് പിടിച്ചെടുത്തതിൽ തെള്ളിമരത്തിന്റെ തടികളും ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പ്രതികളുടെ വിവരവും, അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് കോടതിയിലും, കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും നൽകി.