പ്രധാനമന്ത്രി വിളിച്ച നീതി ആയോഗ് യോഗം ഇന്ന്; മമതയും കെ. ചന്ദ്രശേഖര റാവുവും പങ്കെടുക്കുന്നില്ല

Jaihind Webdesk
Saturday, June 15, 2019

Niti-Aayog

മോദി സർക്കാർ രണ്ടാം തവണ അധികാരത്തിലെത്തിയതിന് ശേഷമുള്ള നീതി ആയോഗിന്‍റെ ആദ്യ കൗൺസിൽ യോഗം ഇന്ന് പ്രധാന മന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേരും. നീതി ആയോഗിന്‍റെ അഞ്ചാമത്തെ കൗൺസിൽ യോഗമാണ് ഡൽഹിയിൽ ചേരുന്നത്. രാഷ്ട്രപതി ഭവനിൽ ചേരുന്ന യോഗത്തിൽ കേന്ദ്ര മന്ത്രിമാർ, മുഖ്യമന്ത്രിമാർ, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്റ്റണൽ ഗവർണർമാർ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. കാർഷിക പ്രതിസന്ധി പ്രധാന ചർച്ച വിഷയമാകും. നീതി ആയോഗിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം മുൻ പ്രധാന മന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ നേതൃത്വത്തിൽ ഡൽഹിയിൽ ചേർന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മന്ത്രി കമൽനാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, പോണ്ടിച്ചേരി മുഖ്യമന്ത്രി ശ്രീ വി നാരായണസ്വാമി തുടങ്ങിയവർ പങ്കെടുത്തു

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി . തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള തീരുമാനത്തിലുള്ള സംസ്ഥാന സർക്കാരിന്‍റെ എതിർപ്പ് മുഖ്യമന്ത്രി പ്രധാനമന്ത്രി അറിയിച്ചു