ഐക്യദീപത്തിൽ സി.പി.എമ്മിൽ അഭിപ്രായ ഭിന്നത; ഐക്യ ദീപത്തെ എതിർത്ത് സി.പി.എം നേതാവ് പി.ജയരാജനാണ് പരസ്യമായി രംഗത്തെത്തിയത്

Jaihind News Bureau
Monday, April 6, 2020

ഐക്യദീപത്തിൽ സി.പി.എമ്മിൽ അഭിപ്രായ ഭിന്നത. സിപിഎം നേതാവ് പി.ജയരാജനാണ് ഐക്യ ദീപത്തെ എതിർത്ത് പരസ്യമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലിന്‍റെ ഭാഗമായി രാത്രി 9 മണിക്ക് തന്‍റെ വീട്ടില്‍ ലൈറ്റുകള്‍ അണക്കില്ലെന്ന പി.ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. രാജ്യം ദിവസങ്ങളോളം ഇരുട്ടിലായേക്കുമെന്നുള്ള ആശങ്കയുള്ളതിനാൽ അത് കൂടുതൽ പ്രകാശിക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രിയുടെ വാക്കുകളെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ജയരാജന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇതോടെ പുറത്തെത്തുന്നത് സിപിഎമ്മിലെ തന്നെ അഭിപ്രായ ഭിന്നതയാണ്. സിപിഎം പൊളിറ്റ് ബ്യൂറോ നാലാം തീയതി തന്നെ എതിർത്ത നടപടിയെയാണ് മുഖ്യമന്ത്രി നടപ്പിലാക്കിയത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ശരിക്കും രാജ്യത്തിന് കുഴപ്പമുണ്ടാക്കുമെന്നും രാജ്യത്തിന്‍റെ പവർ ഗ്രിഡില്‍ ഇത് തകരാറുണ്ടാകുമെന്നും പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് ഘടകവിരുദ്ധമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

https://www.facebook.com/JaihindNewsChannel/videos/210668980353719/

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമ്പൂർണ്ണമായി രാജ്യമാകെ വൈദ്യത വിളക്കുകൾ ഓഫാക്കിയാൽ അത് പവർ ഗ്രിഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് വൈദ്യുതി രംഗത്തെ പ്രഗത്ഭർ അഭിപ്രായപ്പെട്ടു കഴിഞ്ഞു. പവർ ഗ്രിഡ് തകരാതിരിക്കാൻ ഞായറാഴ്ച രാത്രി 9 മുതൽ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വർധിപ്പിക്കുകയാണ് ചെയ്യേണ്ടത്.പവർ ഗ്രിഡ് തകരാതിരിക്കാൻ ഞായറാഴ്ച രാത്രി 9 മുതൽ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വർധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം :

ഇന്ന് രാത്രി 9 മണിക്ക് എന്റെ വീട്ടിലെ ബൾബുകൾ ഓഫ് ചെയ്യില്ല.രാജ്യം ദിവസങ്ങളോളം ഇരുട്ടിലായേക്കുമെന്നുള്ള ആശങ്കയുള്ളതിനാൽ
അത് കൂടുതൽ പ്രകാശിക്കും.
പ്രധാമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സമ്പൂർണ്ണമായി രാജ്യമാകെ വൈദ്യത വിളക്കുകൾ ഓഫാക്കിയാൽ അത് പവർ ഗ്രിഡിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്ന് വൈദ്യുതി രംഗത്തെ പ്രഗത്ഭർ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

പവർ ഗ്രിഡ് തകരാതിരിക്കാൻ ഞായറാഴ്ച രാത്രി 9 മുതൽ 10 നിമിഷം വൈദ്യുതി ഉപയോഗം പരമാവധി വർധിപ്പിക്കുകയാണ് ചെയ്യേണ്ടത്.

ഗ്രിഡിൽനിന്നുള്ള ഊർജത്തിന്റെ 15 മുതൽ 20 ശതമാനം വരെ എടുക്കുന്ന വീടുകളിലെ ലൈറ്റുകൾ ഒരേസമയം കൂട്ടത്തോടെ അണച്ചാൽ എന്താണ്‌ സംഭവിക്കുക? ഗ്രി‌ഡ്‌ സ്ഥിരത നഷ്ടപ്പെട്ട്‌‌ തകർച്ചയിലെത്തും. 2012 ജൂലൈയിൽ സംഭവിച്ചപോലെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാകും.”2012 india blackout” എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ അന്നുണ്ടായ പ്രശ്നങ്ങൾ മനസിലാക്കാവുന്നതാണ്.

ഗ്രിഡിന്റെ പ്രവർത്തനം സാധാരണനിലയിൽ എത്തിക്കാൻ രണ്ടുമൂന്ന്‌ ദിവസം വേണ്ടിവരും. കോവിഡിനെതിരായ നിർണായകയുദ്ധം നടക്കുന്ന ഈ ഘട്ടത്തിൽ ഈ സ്ഥിതി രാജ്യത്തെ ഡോക്ടർമാർക്കും ഇതര ആരോഗ്യപ്രവർത്തകർക്കും രോഗികൾക്കും സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ ചിന്തിക്കേണ്ടതാണ്‌. എല്ലാവരും വീടുകളിൽ അടച്ചിരിക്കെ ഇത്തരമൊരു സാഹചര്യത്തിന്റെ ആഘാതം എന്തായിരിക്കും?.