മോദിക്ക് പകരം ഗഡ്കരിയെ പ്രധാനമന്ത്രിയാക്കണം; കര്‍ഷക നേതാവിന്‍റെ അഭ്യര്‍ത്ഥന ആര്‍.എസ്.എസിനോട്

Jaihind Webdesk
Wednesday, December 19, 2018

2019ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ നരേന്ദ്ര മോദിക്ക് പകരം നിതിന്‍ ഗഡ്കരിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.എസ്.എസിന് കര്‍ഷക നേതാവിന്‍റെ കത്ത്. മഹാരാഷ്ട്രയിലെ വസന്ത്രാവു നായിക് ഷെട്ടി സ്വവലമ്ബന്‍ മിഷന്‍ ചെയര്‍മാനായ കിഷോര്‍ തിവാരിയാണ് ഇതും ആവശ്യപ്പെട്ട് കത്തുമായി രംഗത്തെത്തിയത്.

ആര്‍.എസ്.എസ് നേതാക്കളായ മോഹന്‍ ഭാഗവതിനും ഭയ്യാജി ജോഷിക്കും അയച്ച കത്തില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വന്ന കാര്യങ്ങളും വിശദീകരിക്കുന്നുണ്ട്.

കൂടാതെ കത്തില്‍ നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട്. ഏകാധിപത്യപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന നേതാക്കള്‍ രാജ്യത്തിന് അപകടകരമാണെന്നും അത്തരം പ്രവണതകള്‍ക്ക് രാജ്യം മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും കത്തില്‍ വിശദീകരിക്കുന്നു. അന്ന് ആവര്‍ത്തിച്ച ചരിത്രം ഇനി നടക്കാതിരിക്കണമെങ്കില്‍ 2019ലെ തിരഞ്ഞെടുപ്പ് ഗഡ്കരിയെ മുന്‍നിര്‍ത്തിയായിരിക്കണമെന്ന് തിവാരി കത്തില്‍ ആവശ്യപ്പെട്ടു.

ജി.എസ്.ടി, പെട്രോള്‍ വില വര്‍ദ്ധനവ്, നോട്ട് നിരോധനം എന്നിവയിലൊക്കെ തിരുമാനങ്ങളെടുത്ത നേതാക്കള്‍ കാരണമാണ് ഹിന്ദി ഹൃദയ ഭൂമിയില്‍ ബി.ജെ.പിക്ക് തിരച്ചടി നേരിടേണ്ടി വന്നതെന്നും തിവാരി കത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ തിരിച്ചടികളില്‍ പ്രധാനം മോദിയുടെയും അമിത് ഷായുടെയും കര്‍ഷക വിരുദ്ധ പ്രസ്താവനകളാണ്. ഇരുവരെയും സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.