കൊച്ചി: മലയാള സാംസ്‌കാരിക ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരനും സാഹിത്യ വിമര്‍ശകനുമായിരുന്ന പ്രൊഫ. എം.കെ. സാനുവിന് ഔദ്യോഗിക ബഹുമതികളോടെ വിട. കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ വെച്ച് വൈകിട്ട് 4:30-നാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖരും സാധാരണക്കാരും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാനെത്തി. കൊച്ചി കാരിക്കാമുറിയിലെ വീട്ടിലും പിന്നീട് എറണാകുളം ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെച്ച അദ്ദേഹത്തിന്റെ ഭൗതികദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മറ്റ് മന്ത്രിമാര്‍ എന്നിവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
99 വയസ്സുണ്ടായിരുന്ന അദ്ദേഹം വാര്‍ധക്യത്തിലും സാഹിത്യ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. വീട്ടില്‍ വെച്ചുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് എറണാകുളത്തെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പിന്നീട് ന്യുമോണിയ ബാധിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് 5:35-നായിരുന്നു അന്ത്യം.
അസാധാരണമായ ഉള്‍ക്കാഴ്ചയോടെ ജീവചരിത്രങ്ങള്‍ രചിക്കുന്നതില്‍ പ്രഗത്ഭനായിരുന്ന അദ്ദേഹം ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങളെ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സാഹിത്യ വിമര്‍ശകന്‍, അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. മലയാള സാഹിത്യലോകത്തിന് നികത്താനാവാത്ത വിടവാണ് സാനുമാഷിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.