നടക്കുന്നത് വ്യാജപ്രചാരണം; രാഷ്ട്രീയമായും നിയമപരമായും നേരിടും : കെ.എം അഭിജിത്ത്

Jaihind News Bureau
Thursday, September 24, 2020

K.M-Abhijith

കൊവിഡിന്‍റെ മറവിൽ തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്. ആരെയോ സ്വാധീനിച്ച് പേര് മാറ്റിനൽകി എന്ന പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വാദത്തിനാണ് പ്രാധാന്യം നൽകുന്നത്. തനിക്കെതിരെ ഇല്ലാത്ത കുറ്റങ്ങളെല്ലാം ചേർത്ത് കേസ് എടുത്തതായി വാർത്തകൾ കാണുന്നുണ്ട്. അതിൽ അത്ഭുതം ഒട്ടുമില്ല. ഈ സർക്കാർ കൊവിഡിന്‍റെ മറവിൽ രാഷ്ട്രീയപക തീർക്കുകയാണ്. അതിനെ നിയമപരമായും, രാഷട്രീയ പരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം. അഭിജിത്തിന്‍റെ കത്തിന്‍റെ പൂർണരൂപം:

സഹപ്രവർത്തകരിൽ ചിലർക്ക് കോവിഡ് പോസിറ്റീവായതിനാൽ കഴിഞ്ഞദിവസം ഞാൻ പരിശോധനയ്ക്ക് വിധേയനായിരുന്നു. സഹഭാരവാഹി ബാഹുൽ കൃഷ്ണയ്ക്കൊപ്പമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ആറുദിവസമായി തിരുവനന്തപുരത്ത് സെൽഫ് ക്വാറന്റീനിൽ കഴിയുന്നതിനാൽ പോത്തൻകോട് പഞ്ചായത്തിൽ നടന്ന പരിശോധനയിയിലാണ്‌ പങ്കെടുത്തത്. എന്റെ നാട് കോഴിക്കോട് ആയതിനാലും, ബാഹുൽകൃഷ്ണയുടെ സ്വന്തം നാടായതിനാലും ആരോഗ്യവകുപ്പിൽ ഉൾപ്പെടെ അറിയിച്ച്, ടെസ്റ്റിനുള്ള ഒരുക്കങ്ങൾ നടത്തിയത് ബാഹുൽ തന്നെയാണ്‌. പരിശോധന സമയത്ത് ഇവിടുത്തെ മേൽവിലാസം കൃത്യമായി അറിയാത്തതിനാൽ അതും പറഞ്ഞുകൊടുത്തത് ബാഹുൽ ആണ്‌. എല്ലാവരെയും പോലെ തന്നെ പേരും, വിലാസവും, ഫോൺ നമ്പറും നൽകി മടങ്ങി. ഉച്ചകഴിഞ്ഞ് റിസൾട്ട്‌ വന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ആണ്‌ വിളിച്ചു പറഞ്ഞത്. അവർ ഞാൻ താമസിക്കുന്ന ഇടത്ത് വരികയും വലിയ പ്രയാസം ഇല്ലെങ്കിൽ ഇവിടെ തന്നെ തുടരാനും ആശുപത്രി വേണ്ടതില്ലെന്നും പറഞ്ഞു. ബാഹുൽ കൃഷ്ണയ്ക്ക് നെഗറ്റീവ് ആയിരുന്നു.

കോവിഡ് പോസിറ്റീവ് ആണെന്ന് അറിഞ്ഞ ഉടനെ ഞാൻ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഞാൻ നേരിട്ടും സുഹൃത്തുക്കൾ അല്ലാതെയും ഞാനുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും വാട്സ്ആപ്പ് വഴിയും ഫോൺ ചെയ്തും അറിയിക്കാൻ തുടങ്ങി. ഇതിനിടെയാണ്, ഞാൻ വ്യാജ പേര് നൽകിയെന്നും എന്നെ കണ്ടെത്താൻ കഴിയാതെ കുഴയുന്നുവെന്നും പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പരാതിപെട്ടതായ വാർത്ത പരന്നത്. രാത്രിയിൽ ഒരു ചാനലിൽ നിന്ന് തത്സമയം വിളിച്ചപ്പോൾ മേല്പറഞ്ഞ കാര്യങ്ങളാണ് ഞാൻ വിശദീകരിച്ചത്. അതിനിടെ അവതാരകൻ ചോദിച്ചു കെ.എം അഭിജിത്ത് എന്ന പേര് എങ്ങിനെയാണ് അഭി എന്ന് മാത്രമായത് എന്ന്. അതിന് വ്യക്തമായ മറുപടി നൽകാൻ അപ്പോൾ എനിക്കില്ലായിരുന്നു. കാരണം ഞാൻ ഒരു ഫോമും പൂരിപ്പിച്ചു നൽകിയിട്ടില്ല, ഞാൻ അല്ല എന്‍റെ മേൽവിലാസം ഉൾപ്പെടെ നൽകിയതും. അതുകൊണ്ട് ഒരു ഊഹം എന്ന നിലയിൽ “ഒരുപക്ഷെ ഒരു സെൻസേഷണൽ ആകണ്ട” എന്ന് കരുതിയാവും അങ്ങനെ നൽകിയതെന്ന് ഞാൻ പറഞ്ഞിരുന്നു. അതിന് തൊട്ടുപിന്നാലെ ഞാൻ ബഹുലിനെ വിളിച്ചു. “നീ പേര് തെറ്റിച്ചാണോ നൽകിയത്” എന്ന് ചോദിച്ചു. KSU സംസ്ഥാന പ്രസിഡന്റിന്റെ പേര് തെറ്റായി നൽകേണ്ട കാര്യം എന്താണ്? അങ്ങനെ എങ്കിൽ ഒരു സാമ്യവും ഇല്ലാത്ത മറ്റു പേരുകൾ നൽകിയാൽ മതിയായിരുന്നില്ലേ? അതും പോരാഞ്ഞിട്ട് അവിടെ വച്ച് പ്രസിഡന്റിനെ തിരിച്ചറിഞ്ഞ ചിലർ സംസാരിച്ചില്ലേ..? പിന്നെ എങ്ങനെയാണ് പേര് മാറ്റി നൽകുന്നത്? അത്‌ അവരുടെ ഭാഗത്ത് വന്ന ക്ലറിക്കൽ മിസ്റ്റേക്ക് ആകും എന്നാണ് ബഹുൽ പറഞ്ഞത്. അത്‌ തന്നെയാണ് ഞാനും വിശ്വസിച്ചത്. ഇത്രയുമാണ് ഇന്നലെ സംഭവിച്ചത്

ഇനിയുള്ള കാര്യങ്ങളിൽ എനിക്ക് ചില സംശയങ്ങൾ ഉണ്ട്. കോവിഡ് പോസിറ്റിവ് ആണെന്ന് എന്നെ വിളിച്ച് അറിയിക്കുകയും ആരോഗ്യപ്രവർത്തകർ താമസസ്ഥലത്ത് വന്ന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തശേഷമാണ് എന്നെ കണ്ടെത്താൻ പറ്റുന്നില്ല എന്ന പരാതി ഉയർന്നുവരുന്നത്. അതായത് ഞാൻ KSU സംസ്ഥാന പ്രസിഡന്റ്‌ ആണെന്ന് അറിഞ്ഞ ശേഷമുള്ള ഇടപെടൽ ആണ്‌. അതിന് വ്യാജ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിങ്ങനെ കുറെ പദങ്ങളും അവർ ഉപയോഗിച്ചു. ഇത്‌ ദുരുദ്ദേശ്യപരമല്ലാതെ മറ്റെന്താണ്? പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറയുന്നത് വ്യാജ വിലാസവും, നമ്പറും നൽകി എന്നാണ്. എന്ത് അസംബന്ധമാണത്. ശരിയായ നമ്പറും വിലാസവും ആയതുകൊണ്ടല്ലേ ആരോഗ്യപ്രവർത്തകർക്ക് എന്നെ കാണാൻ പറ്റിയത്.
ബാഹുലിന്റേയും ഞാൻ താമസിക്കുന്ന വീടിന്റെ ഉടമയുടെയും നമ്പറുകൾ ആണ്‌ ടെസ്റ്റ്‌ ചെയ്ത സ്ഥലത്ത് നൽകിയത്. അത്‌ ആർക്കും പരിശോധിക്കാം

ആൾമാറാട്ടം നടത്തി എന്നാണ് ചില മാധ്യമങ്ങൾ എന്നിൽ ചാർത്തുന്ന കുറ്റം. ആരെയോ സ്വാധീനിച്ച് പേര് മാറ്റിനൽകി എന്ന പോത്തൻകോട് പഞ്ചായത്ത്‌ പ്രസിഡന്റിന്റെ വാദത്തിനാണ് പ്രാധാന്യം. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള സമയമായതിനാൽ മാത്രമാണ് എനിക്ക് നേരിട്ട് ഇക്കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാത്തത്. രോഗംമാറി തിരിച്ചുവരുന്ന മുറയ്‌ക്ക്‌ എല്ലാ കാര്യങ്ങളിലും വിശദീകരണം തരാൻ എനിക്ക് യാതൊരു പ്രയാസവുമില്ല. തലയിൽ മുണ്ടിട്ടു കോവിഡ് ടെസ്റ്റിന് എന്നല്ല ഒന്നിനും പോകുന്നവരല്ല കേരള വിദ്യാർത്ഥി യൂണിയന്റെ നേതാക്കളും, പ്രവർത്തകരും. വെളുപ്പാൻ കാലത്ത് അന്വേഷണ ഏജൻസികൾക്ക് മുന്നിൽ ചിലർ തലയിൽ മുണ്ടിട്ടുപോയതിന്റെ ജാള്യത മറയ്ക്കാൻ മന്ത്രിമാരും, മുഖ്യമന്ത്രിയും ഇന്നു നടത്തിയ പ്രസ്താവനകൾ മതിയാവില്ല

1. ഞാൻ വേഷം മാറിയില്ല കോവിഡ് ടെസ്റ്റിന് പോയത്.
2. സ്വന്തം പേര് തന്നെയാണ് സഹപ്രവർത്തകനായ ബഹുൽ കൃഷ്ണ പറഞ്ഞു കൊടുത്തത്.
3. വ്യാജമായി ഒരു രേഖയും നൽകിയിട്ടില്ല
4. കോവിഡ് രോഗം സ്ഥിരീകരിച്ച ശേഷം മറച്ചുവച്ചിട്ടില്ല
5. ക്വാറന്റീൻ ഉൾപ്പെടെ കോവിഡ് പ്രോട്ടോകോൾ എല്ലാം പാലിച്ചിട്ടുണ്ട്

നമ്മുടെ പോരാട്ടം കോവിഡ് രോഗികൾക്ക് എതിരെയല്ല രോഗത്തിന് എതിരെയാണ്‌ എന്നത് പരസ്യവാചകം മാത്രമാകരുത്. ഇന്നലെ മുതൽ എനിക്കുള്ള ശരീരിക ബുദ്ധിമുട്ടുകളേക്കാൾ വലുതാണ് ഈ മാനസിക പീഡനം. രോഗിയാണെന്ന പരിഗണന ലഭിച്ചില്ലെന്ന് മാത്രമല്ല ഏതൊക്കെ നിലയിലാണ് ആക്ഷേപം. ജനപക്ഷത്തു നിൽക്കുന്നവരെ മരണത്തിന്റെ വ്യാപാരികൾ എന്നു വിളിച്ചതിന്റെ തുടർച്ചയാണിത്. കേരളജനത എല്ലാം കാണുന്നുണ്ട്, കേൾക്കുന്നുണ്ട്.

എനിക്കെതിരെ ഇല്ലാത്ത കുറ്റങ്ങളെല്ലാം ചേർത്ത് കേസ് എടുത്തതായി വാർത്തകൾ കാണുന്നുണ്ട്. അതിൽ അത്ഭുതം ഒട്ടുമില്ല, ലെവലേശം ഭയവും. ഈ സർക്കാർ കോവിഡിന്റെ മറവിൽ രാഷ്ട്രീയപക തീർക്കുകയാണ്. അതിനെ നിയമപരമായും, രാഷട്രീയ പരമായും നേരിടും.

കെ.എം.അഭിജിത്ത്
കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ്