തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി മരുന്ന് കേസില്‍ കുടുക്കി ഒളിവില്‍പ്പോയ മുഖ്യപ്രതി നാരായണദാസ് പിടിയില്‍. ബാംഗ്ലൂരില്‍ നിന്ന് കൊടുങ്ങല്ലൂര്‍ എസിപി വികെ രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ നാളെ നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
2023 ഫെബ്രുവരി 27നാണ് അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ചാലക്കുടി പോട്ട സ്വദേശി ഷീല സണ്ണിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഷീലയുടെ ബാഗില്‍ എല്‍എസ്ഡി സ്റ്റാമ്പിന് സമാനമായ വസ്തു കണ്ടെടുത്തിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ വ്യാജ എല്‍എസ്ഡി സ്റ്റാമ്പുകള്‍ ആണെന്ന് ബോധ്യപ്പെട്ടു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഷീലയെ ചതിയില്‍പ്പെടുത്തിയതാണെന്ന് തെളിയുകയും തുടര്‍ന്ന് നാരായണ ദാസിനെ കേസില്‍ പ്രതിയാക്കുകയും ചെയ്തു. ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയപ്പോള് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.
പ്രതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. ഷീലാ സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞെന്നും എന്നാല്‍ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.