സർക്കാരിനെ വെള്ളപൂശാനായി ‘ഫാക്ട് ചെക്ക് ഡിവിഷന്‍’ വിപുലീകരിക്കുന്നു ; ഒരു വർഷം ചെലവിടുന്നത് 14 ലക്ഷത്തോളം രൂപ; ഉത്തരവ് പുറത്ത്

Jaihind News Bureau
Thursday, August 20, 2020

 

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയിലും ഇൻഫർമേഷൻ ആന്‍റ് പബ്ലിക് റിലേഷൻസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫാക്ട് ചെക്ക് ഡിവിഷന്‍ വിപുലീകരിക്കാന്‍ സർക്കാർ.  ഇതിലേക്കായി പ്രതിവർഷം 14 ലക്ഷത്തോളം രൂപയാണ് സർക്കാർ ചെലവിടുന്നത്.  3 ചുമതലക്കാർക്ക് വാർഷിക ശമ്പളമായാണ് തുക അനുവദിച്ചിരിക്കുന്നത്. അതേസമയം വ്യാജ വാർത്തകള്‍ കണ്ടെത്തി നടപടി എടുക്കുന്നതിനെന്ന പേരിലാണ് ഡിവിഷന്‍ രൂപീകരിച്ചിരിക്കുന്നത്. എന്നാല്‍ വീഴ്ചകളില്‍ സർക്കാരിനെ വെള്ളപൂശാനുള്ള ഫാക്ട് ചെക്ക് ഡിവിഷന്‍റെ  ശ്രമം ഇതിനോടകം തന്നെ വിവാദമായിരിക്കുകയാണ്.

ഫാക്ട് ചെക്ക് ഡിവിഷന്‍റെ പ്രവർത്തനത്തിന് ആവശ്യമായ വെബ്‌സൈറ്റ് രൂപകൽപന ചെയ്യുന്നതിനും ജീവനക്കാരെ നിയമിക്കുന്നതിനും സി ഡിറ്റിനെയാണ് ചുമതലപ്പെടുത്തിയത്. ഒരു ഗ്രാഫിക് ഡിസൈനർ, രണ്ട് സോഷ്യൽ മീഡിയ എഡിറ്റേഴ്‌സ് എന്നിവരാണ് ഫാക്റ്റ് ചെക്ക് ഡിവിഷന് കീഴിലുള്ളത്. ഇവരുടെ ശമ്പളയിനത്തിലാണ് 13.34 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം സർക്കാരിന്‍റെ വീഴ്ചകള്‍ തുറന്നുകാട്ടുന്ന വാർത്തകള്‍ വ്യാജവാർത്തയെന്ന് ചാപ്പ കുത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രമുഖ പത്രം  പ്രസിദ്ധീകരിച്ച വാര്‍ത്തയെ വ്യാജ വാര്‍ത്തയെന്ന് പറഞ്ഞ് ഫാക്ട് ചെക്ക് ഡിവിഷന്‍ വിശദീകരണം നല്‍കി. എന്നാല്‍ പി.ആര്‍.ഡിയുടെ അവകാശവാദം തെളിവുകളോടെ ലേഖകന്‍ പൊളിച്ചപ്പോള്‍ പി.ആര്‍.ഡി വിഭാഗത്തിന്‍റെ  ഫാക്ട് ചെക്കിന് വാര്‍ത്ത പിന്‍വലിക്കേണ്ടി വന്നത് വിവാദമായിരുന്നു.

സര്‍ക്കാരിനെതിരെ നിരന്തരമായി വാര്‍ത്തകള്‍ പുറത്ത് വരുന്ന ഘട്ടത്തിലാണ് സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ക്ക് പിന്നാലെ പി.ആര്‍.ഡിയും സര്‍ക്കാരിനെ വെള്ളപൂശാനായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.  ഒ.എം.ആര്‍ ഷീറ്റുകളുടെ അച്ചടിയുമായി ബന്ധപ്പെട്ട് അതീവ രഹസ്യസ്വഭാവമുള്ള ഫയലുകള്‍ സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍ നിന്ന് നഷ്ടമായെന്നായിരുന്നു വാര്‍ത്ത. പ്രധാന രേഖകള്‍ നഷ്ടപ്പെട്ടതിന് പിന്നാലെ പ്രസിലെ ജീവനക്കാരനായ വി.എല്‍ സജിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവയിലെ ഒ.എം.ആര്‍ ഷീറ്റ് അച്ചടിയുമായി ബന്ധപ്പെട്ട ഫയലുകള്‍ തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നശിപ്പിക്കപ്പെട്ടതായും സസ്പന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ യഥാര്‍ഥ്യം പോലും മറച്ചു കൊണ്ടാണ് പി.ആര്‍.ഡി ഫാക്ട് ചെക്ക് ഡിവിഷന്‍ പത്രത്തിന്‍റെ വാര്‍ത്ത വ്യാജമെന്ന് മുദ്രകുത്തി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്.

അച്ചടി വകുപ്പ് ഡയറക്ടറുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് വ്യാജ വാര്‍ത്ത എന്ന നിഗമനത്തിലേക്ക് പി.ആര്‍.ഡി എത്തിച്ചേര്‍ന്നത്. വാര്‍ത്ത നല്‍കിയ ലേഖകന്‍ തന്‍റെ കൈവശമുള്ള ഉത്തരവ് അടക്കം ചൂണ്ടിക്കാട്ടിയതോടെ മണിക്കൂറുകള്‍ക്കുശഷം പി.ആര്‍.ഡി യുടെ പോസ്റ്റ് ഫാക്ട് ചെക്ക് ഡിവിഷന്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചു. അതേസമയം സര്‍ക്കാര്‍ സെന്‍ട്രല്‍ പ്രസില്‍നിന്ന് ഒ.എം.ആര്‍ ഷീറ്റുമായി ബന്ധപ്പെട്ട രഹസ്യഫയലുകള്‍ നഷ്ടപ്പെട്ടത് സംബന്ധിച്ച് പ്രസിലെ ജീവനക്കാരനായ വി.എല്‍ സജിക്കെതിരെ പൊലീസ് കേസെടുത്തു. അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ നശിപ്പിച്ചതിനും വിശ്വാസവഞ്ചനയ്ക്കുമാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്.

ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നാരോപിച്ച് പത്രക്കുറപ്പിറക്കിയ അച്ചടിവകുപ്പ് ഡയറക്ടര്‍ എസ് ജയിംസ് രാജ് തന്നെയാണ് ഈ മാസം 13 ന് പരാതിയുമായി കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനിലെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ആരോപണത്തിന്‍റെ നിഴലിലായശേഷം സര്‍ക്കാറുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച വാര്‍ത്തകളോട് അസഹിഷ്ണുതയോടെയാണ് സര്‍ക്കാറും സി.പി.എം അനുകൂല അണികളും പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പോലും മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടത് വിവാദമായിരുന്നു.