RAIN| സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

Jaihind News Bureau
Wednesday, August 6, 2025

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.

24 മണിക്കൂറിനുള്ളില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യമാണിത്. ഇത് അപകടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാം. തുടര്‍ച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പെട്ടെന്നുള്ളതും ശക്തവുമായ മഴ മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്നത് മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അതേ സമയം ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. കൂടാതെ, കടലാക്രമണത്തിനും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം.