മലപ്പുറത്ത് ഗുഡ്സ് ഓട്ടോറിക്ഷയില്‍ സ്ഫോടനം; മൂന്ന് മരണം, ഒരു കുട്ടിയുടെ നില ഗുരുതരം

Jaihind Webdesk
Thursday, May 5, 2022

 

മലപ്പുറം: പെരിന്തൽമണ്ണ ​ഗുഡ്‌സ് ഓട്ടോയിൽ സ്ഫോടനം. ഒരു കുടുംബത്തിലെ 3 പേർ മരിച്ചു. ഭാര്യയേയും കുട്ടികളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം മുഹമ്മദ് എന്നയാള്‍ ആത്മഹത്യ ചെയ്തെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മാമ്പുഴ സ്വദേശി മുഹമ്മദ് (52) ഭാര്യ ജാസ്‌മിന്‍ (34) ഇവരുടെ മകൾ 11 വയസുകാരി സഫ എന്നിവരാണ് മരിച്ചത്. ഓട്ടോയിൽ ഉണ്ടായിരുന്ന 5 വയസുകാരി മകളെ ജാസ്മിന്‍റെ സഹോദരി രക്ഷപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പട്ടിക്കാട്-പെരിന്തൽമണ്ണ റോഡിലെ കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിൽ ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ഭാര്യ ജാസ്മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്തി എന്നാണ് പോലീസ് നിഗമനം. മുഹമ്മദ് പൊള്ളലേറ്റ ശേഷം സമീപത്തെ കിണറ്റിലേക്ക് ചാടി. ജാസ്മിന്‍റെയും മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും മുഹമ്മദിന്‍റെ മൃതദേഹം കിണറ്റിൽ നിന്നുമാണ് കണ്ടെത്തിയത്.

വാഹനത്തിൽ പടക്കങ്ങൾ ഉൾപ്പെടെയുള്ള സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 2 തവണ ഓട്ടോറിക്ഷയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു. ഇത് രക്ഷാ പ്രവർത്തനം വൈകിച്ചു. മുഹമ്മദും കുടുംബവും കാസർഗോഡ് സ്ഥിരതാമസമാണ്. നോമ്പുതുടങ്ങിയപ്പോൾ മുതൽ ജാസ്മിനും മക്കളും ജാസ്മിന്‍റെ വീട്ടിലായിരുന്നു താമസം. പെരുന്നാൾ തലേന്നാണ് മുഹമ്മദ് ഇവിടെയെത്തിയത്. മുഹമ്മദിനെതിരെ പോക്സോ കേസ് നിലവിലുണ്ട്. മുഹമ്മദിന്‍റെ രണ്ടാം ഭാര്യയാണ് ജാസ്മിൻ.