പ്രവാസ ലോകത്തെ കോണ്‍ഗ്രസിന്‍റെ സ്ഥാപകരില്‍ പ്രധാനി ഇടവാ സൈഫിന്‍റെ ഖബറടക്കം നാട്ടില്‍ നടന്നു ; യാത്രയായത് പാര്‍ട്ടിയുടെ 136 -ആമത് ജന്മദിനത്തില്‍

Elvis Chummar
Monday, December 28, 2020

ദുബായ് : യുഎഇയിലെ മുന്‍കാല പ്രവാസിയും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ യുഎഇയിലെ സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന അന്തരിച്ച ഇടവാ സൈഫിന്‍റെ (74) ഖബറടക്കം നാട്ടില്‍ പൂര്‍ത്തിയായി.  ഇന്‍കാസ് യുഎഇ വര്‍ക്കിങ് പ്രസിഡണ്ട് , അബുദാബി മലയാളി സമാജം പ്രസിഡണ്ട് തുടങ്ങീ നിരവധി പദവികള്‍ അദേഹം വഹിച്ചു. നിര്യാണത്തില്‍ കോണ്‍ഗ്രസിന്‍റെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അനുശോചിച്ചു.

നിറഞ്ഞ പുഞ്ചിരിയും ലാളിത്യവും രാഷ്ട്രീയത്തിന് അതീതമായ സൗഹൃദങ്ങളും ‘സെയ്ഫാക്കി’ എല്ലാവരുമായി മികച്ച ബന്ധം കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു ഇടവാ സെയ്ഫ്. നാട്ടില്‍ മടങ്ങിയെത്തിയിട്ടും, പ്രായവും അസുഖവും വകവെക്കാതെ, കഴിഞ്ഞ  ലോകസഭാ തെരഞ്ഞെടുപ്പിലും, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിച്ചു. ഒടുവില്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ 136 മത് ജന്മദിന നാളില്‍, ( ഡിസംബര്‍ 28 ) ഈ ലോകത്തോട് വിടപറഞ്ഞ് യാത്രയായി.

നാല്‍പത് വര്‍ഷത്തിലധികം നീണ്ട പ്രവാസ ജീവിതത്തിന് ശേഷം, 2018 സെപ്റ്റംബറിലാണ് ഇടവാ സൈഫ് നാട്ടിലേക്ക് മടങ്ങിയത്. അന്ന്, ഒരേ കമ്പനിയില്‍ മുപ്പത് വര്‍ഷത്തിലധികം ജോലി ചെയ്ത കറപുരളാത്ത സേവന മികവോടെയായിരുന്നു മടക്കം. പ്രവാസ ലോകത്തെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നാലു പതിറ്റാണ്ടിലേറെക്കാലം സജീവമായി നിറഞ്ഞു നിന്നു. വര്‍ക്കല എസ് എന്‍ കോളേജില്‍ കെ എസ് യു യൂണിറ്റ് പ്രസിഡണ്ട്, ചിറയിന്‍കീഴ് താലൂക്ക് കെ എസ് യു പ്രസിഡണ്ട് എന്നീ പദവികളുമായി വിദ്യാര്‍ഥി രാഷ്ട്രീയം ആരംഭിച്ചു.  1964-67 കാലയളില്‍ വര്‍ക്കല കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്കൊപ്പം, ഇടവാ സൈഫ്, സഹപ്രവര്‍ത്തകനായി  പ്രവര്‍ത്തിച്ചു. പീന്നീട്, ജീവിതപ്രാരാബ്ധങ്ങള്‍ മൂലം, പ്രവാസിയായി, 1977 ജൂണ്‍ മാസത്തില്‍ ഗള്‍ഫിലേക്ക് കടല്‍ കടക്കുകയായിരുന്നു. നഫീസയാണ് ഭാര്യ. ബാബു റെയ്‌സല്‍, സീലിയ എന്നിവര്‍ മക്കളാണ്.  തിരുവനന്തപുരം ഇടവാ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടത്തി.