ഷാരോണ്‍ കൊലപാതകക്കേസ് ; ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ് : കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു.

Jaihind Webdesk
Tuesday, November 1, 2022

 

ഷാരോൺ കൊലക്കേസിൽ നിർണായകമായ തെളിവുകളാണ് അന്വേഷണസംഘം ശേഖരിച്ചത് . കേസിൽ ഇന്ന് പ്രതിചേർത്ത ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും രാമൻചിറയിലെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വീടിന് സമീപത്തെ കുളത്തിൽ നിന്ന് കുപ്പികൾ കണ്ടെത്തി. ഷാരോൺ രാജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കളനാശിനിയുടെ കുപ്പികളാണ് കണ്ടെത്തിയത്. നാലുമാസം മുമ്പ് ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാർ കൃഷി ആവശ്യങ്ങൾക്കായി വാങ്ങിയയതാണ് കളനാശിനി. കണ്ടെടുത്ത കുപ്പികൾ പോലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.

ഗ്രീഷ്മയുടെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ കീടനാശിനി കുപ്പിയുടെ ലേബലും പോലീസ് കണ്ടെടുത്തു. കീടനാശിനി വാങ്ങാൻ നിർമ്മൽ കുമാർ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
ഷാരോൺ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയായ ഗ്രീഷ്മയ്ക്ക് പുറമേ അമ്മ സിന്ധുവിനും അമ്മാവൻ നിർമ്മൽ കുമാറിനും പങ്കുണ്ടെന്ന് വ്യക്തമാക്കിയത് പിന്നാലെയാണ് ഇന്ന് രാവിലെ ഇരുവരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്  . തെളിവുകൾ നശിപ്പിച്ചതിനാണ് ഇരുവരെയും പ്രതി ചേർത്തിരിക്കുന്നത് . തുടർന്നായിരുന്നു രാമൻചിറയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ്.

എസ് പി ഓഫീസിൽ നിന്ന് പ്രതികളെ തമിഴ്നാട് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചും ചോദ്യം ചെയ്തിരുന്നു. തമിഴ്നാട് പോലീസുമായി സഹകരിച്ചാണ് തെളിവെടുപ്പ്. അതേസമയം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ഗ്രീഷ്മയ്ക്ക് ഒരു ദിവസം കൂടി ഡോക്ടർ വിശ്രമം അനുവദിച്ചു.  നാളെ കഴിഞ്ഞ് അന്വേഷണസംഘം വീണ്ടും ഗ്രീഷ്മയെ ചോദ്യം ചെയ്യും. കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ കൊലപാതകം നടന്നത് തമിഴ് നാട് അതിർത്തി പ്രദേശത്ത് ആയതിനാൽ കേരള പോലീസ് കേസ് നടത്തുന്നതിൽ പ്രശ്നമുണ്ടോ എന്ന് പോലീസ് നിയമോപദേശവും തേടിയിട്ടുണ്ട്.