കേന്ദ്രസർക്കാരിന് മെമ്മറാണ്ടം നൽകുന്നതിലെ വീഴ്ച സമ്മതിച്ച് സംസ്ഥാന സർക്കാർ

Jaihind Webdesk
Wednesday, September 12, 2018

തിരുവനന്തപുരം: പ്രളയത്തിന് സഹായം ആവശ്യപ്പെട്ട് കൊണ്ടുളള നിവേദനം കേന്ദ്രസർക്കാരിന് നൽകുന്നതിലെ വീഴ്ച സമ്മതിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിന് നൽകാനുള്ള നിവേദനം ഇതുവരെയും തയ്യാറാക്കിയില്ല. ഇത് സംബന്ധിച്ച മെമ്മൊറാണ്ടം ഇന്നുതന്നെ തയാറാക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായില്ലെന്നും മന്ത്രി സമ്മതിച്ചു.

മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തുപോയതിന് ശേഷം സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാരിനെതിരെ രംഗത്ത് എത്തിയിരുന്നു. പ്രളയം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും കേന്ദ്ര സർക്കാരിന് മെമ്മോറാണ്ടം നൽകാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണങ്ങൾ ശരിവെക്കുന്നതാണ് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പി ജയരാജന്‍റെ വാക്കുകൾ.

https://www.youtube.com/watch?v=gblTGikgkLo

40,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ സഹായം ആവശ്യപ്പെട്ട് കേന്ദ്രത്തിന് നൽകാനുളള നിവേദനം ഇത് വരെ തയാറാക്കിയില്ല. ഇന്നുതന്നെ ഇത് സംബന്ധിച്ച മെമ്മോറാണ്ടം തയാറാക്കുമെന്നാണ് ഇ.പി ജയരാജൻ പറയുന്നത്. നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ലെന്ന പ്രതിപക്ഷ ആരോപണവും ജയരാജൻ ശരിവെക്കുന്നു.

മുഖ്യമന്ത്രി വിദശത്ത് ചികിൽസക്കായി പോയപ്പോൾ മറ്റൊരു മന്ത്രിക്ക് ചുമതല നൽകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മന്ത്രിസഭായോഗം പോലും ചേരുന്നില്ല. നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാതെ വന്നതോടെയാണ് കേന്ദ്രത്തിന് നൽകാനുളള മെമ്മൊറാണ്ടം തയാറാക്കാൻ പോലും സർക്കാരിന് ഇതുവരെ കഴിയാതെ വന്നത്.