സിപിഎം ജില്ലാ കമ്മിറ്റി ഓ‌ഫീസ് റെയിഡ് : റിപ്പോർട്ട് കെെമാറി; നടപടിക്ക് ശുപാർശയില്ല

Jaihind Webdesk
Monday, January 28, 2019

ChaitraTeresa-vs-CPM

സി പി.എം ജില്ലാ കമ്മിറ്റി ഓ‌ഫീസിൽ പരിശോധന നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ നടപടിക്ക് ശുപാർശയില്ല. ഇതുസംബന്ധിച്ച് എഡിജിപി മനോജ് എബ്രഹാം ഡി.ജി.പിക്ക് റിപ്പോർട്ട് കെെമാറി. റെയ്ഡിൽ നിയമപരമായി തെറ്റി‌ല്ലെന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നു. ചൈത്ര തെരേസ ജോണിന് എതിരെ നടപടി വേണമന്ന് സി.പി.എം ജില്ല കമിറ്റി ഉറച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് ഡി.സി.പിയെ ന്യായീകരിച്ച് എ.ഡി.ജി.പി റിപ്പോർട്ട് നൽകിയിരിക്കുന്നത്.

അതേസമയം, ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി റെയ്ഡ് നടത്തുമ്പോൾ അൽപം കൂടി ജാഗ്രത ഡിസിപി കാണിക്കണമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
വകുപ്പുതല അന്വേഷണത്തിന്‍റെ ഭാഗമായി റെയ്ഡിൽ പങ്കെടുത്ത പൊലീസുകാരിൽ നിന്നു കൂടി മെഴിയെടുത്ത ശേഷമാണ് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചത്.

പത്ത് മിനിറ്റോളം മാത്രമാണ് ഡി.സി.പിയും സംഘവും സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽചിലവിട്ടത്. നിയമവിരുദ്ധമായി ഒന്നും തന്നെ ഡി.സി.പി ചെയ്‌തിട്ടില്ല. ഏതെങ്കിലും തരത്തിൽ ബലപ്രയോഗമോ സംഘർഷമോ പൊലീസ് സംഘം സൃഷ്ടിച്ചിട്ടില്ല. റെയ്ഡിന്‍റെ വിശദാംശങ്ങൾ ഡി.സി.പി അടുത്ത ദിവസം തന്നെ കോടതിയെ അറിയിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ചട്ടങ്ങൾ പാലിച്ചായിരുന്നു റെയ്ഡ് എന്നാണ് ചൈത്ര തെരേസ ജോൺ മനോജ് ഏബ്രാഹമിന് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. വിശ്വസനീയ വിവരമനുസരിച്ചായിരുന്നു പരിശോധന. കേസിലെ പ്രധാന പ്രതികളിലൊരാളുടെ അമ്മയുടെ മൊഴിയെടുക്കുന്നതിനിടെ അവർക്കു ലഭിച്ച ഫോൺകോളിൽ നിന്ന് പ്രതികൾ പാർട്ടി ഓഫീസിലുണ്ടെന്നു വ്യക്തമായി. പരിശോധനയ്ക്കു പിന്നാലെ കോടതിയിൽ സമർപ്പിച്ച സെർച്ച് റിപ്പോർട്ടിൽ ഇത് വ്യക്തമായിട്ടുണ്ടന്നും അവർ വിശദീകരിച്ചു.

ബാല പീഡന കേസിൽ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്‌ത ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ മോചിപ്പിക്കാൻ ശ്രമിച്ച സി.പി.എം പ്രവർത്തകർ പൊലീസ് സ്‌റ്റേഷനു നേരെ കല്ലേറു നടത്തിയിരുന്നു. ഇവരെ തേടിയായിരുന്നു റെയ്ഡ്. ഇതിന് എതിരെ സി.പി.എം ജില്ലാ നേതാക്കൾ രംഗത്ത് വന്നതിനെ തുടർന്ന് ഡി.സി.പിയെ സ്ഥലം മാറ്റിയിരുന്നു.