ഐപിഎസ് അസോസിയേഷനില്‍ പൊട്ടിത്തെറി; ഭിന്നത വിവാദ പോലീസ് വില്ലകളിലെ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനത്തിനെതിരെ പ്രസ്താവന ഇറക്കിയതിനെ ചൊല്ലി; യോഗം ചേരാതെ തയ്യാറാക്കിയ പ്രമേയം ഇറക്കിയത് തിരുത്തിത്തിരുത്തി മൂന്ന് തവണ; കത്തിന് പിന്നില്‍ എഡിജിപി മനോജ് എബ്രഹാം

Jaihind News Bureau
Wednesday, February 19, 2020

വിവാദ പോലീസ് വില്ലകളിലെ പ്രതിപക്ഷ നേതാക്കളുടെ സന്ദര്‍ശനത്തിനെതിരെ പ്രമേയം പുറത്തിറക്കിയതിനെ ചൊല്ലി ഐ.പി.എസ് അസോസിയേഷനില്‍ പൊട്ടിത്തെറി. വിവാദത്തില്‍പ്പെട്ടവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യോഗം ചേരാതെ പ്രമേയം പുറത്തിറക്കിയതിനെ ചൊല്ലിയാണ് അസോസിയേഷനില്‍ കടുത്ത പ്രതിഷേധം രൂപപ്പെട്ടിരിക്കുന്നത്.

വിവാദ വില്ലകള്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ അധ്യക്ഷന്‍ എം.എം.ഹസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ സംഘം സന്ദര്‍ശനം നടത്തിയത്. സമീപത്ത് താമസിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി പണി പുരോഗമിക്കുന്ന വിവാദ വില്ലകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്. ഇതിനെതിരേയാണ് ഐ.പി.എസ് അസോസിയേഷന്‍ പ്രതിഷേധ പ്രമേയം പുറത്തിറക്കിയത്.

സാധാരണ യോഗം ചേര്‍ന്നാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ അസോസിയേഷന്‍ പ്രസ്താവന ഇറക്കാറുള്ളത്. എന്നാല്‍ ഇന്ന് ഒരു യോഗവും ചേരാതെ തിടുക്കപ്പെട്ട് പ്രമേയം ഇറക്കുകയായിരുന്നു. പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിന്‍റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമാണ് ഇതിനായി ചുക്കാന്‍ പിടിച്ചതെന്നാണ് പിന്നാമ്പുറം.

മൂന്ന് തവണയാണ് പ്രസ്താവന ഇറക്കിയത്. ആദ്യത്തേത് നാഥനില്ലാത്ത പ്രസ്താവനയായിരുന്നു. രണ്ടാമത്തെ പ്രസ്താവന ലെറ്റര്‍പാഡില്‍ ആയിരുന്നു. പക്ഷേ ആരുടേയും പേരോ ഒപ്പും ഒന്നും ഇല്ലായിരുന്നു. ഇത് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ മൂന്നാമതും പ്രസ്താവന ഇറക്കുകയായിരുന്നു. ഐ.പി.എസ് അസോസിയേഷന്‍ സെക്രട്ടറിയുടെ പേരിലായിരുന്നു ഈ പ്രസ്താവന.

വിവാദത്തില്‍പ്പെട്ടവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി യോഗം പോലും വിളിച്ചു ചേര്‍ക്കാതെ ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയതിനെതിരെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍തന്നെ രംഗത്തെത്തുകയായിരുന്നു. വരും ദിവസങ്ങളില്‍ ഇതേ ചൊല്ലിയുള്ള ഭിന്നത മറനീക്കി പുറത്തുവരാനാണ് സാധ്യത.