ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏഴു ഭീകരരാണ് പ്രദേശത്ത് ഒളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ട്. വനമേഖലയിലേക്ക് കടന്ന ഭീകരരെ സേന പിന്തുടരുകയാണ്. അതേസമയം ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റിന്റെ കുഴിബോംബ് ആക്രമണത്തില്‍ 2 ജവാന്‍മാര്‍ക്ക് പരിക്കേറ്റു.
കത്വ ജില്ലയിലെ സന്യാല്‍ ഹിരാനഗര്‍ മേഖലയിലാണ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടായത്. തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടല്‍ തുടര്‍ന്നതിനിടെ കൂടൂതല്‍ സൈനികരെ മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിനിടെ ഏഴ് വയസുളള കുട്ടിക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സംയുക്ത സുരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സുരക്ഷാസേനയെയും പ്രദേശത്ത് വിന്യസിച്ചു. അന്താരാഷ്ട്ര അതിര്‍ത്തിക്കടുത്തുള്ള വനമേഖലയില്‍ പൊലീസും സൈന്യവും സിആര്‍പിഎഫും സംയുക്തമായിട്ടാണ് തെരച്ചില്‍ നടത്തിയത്.
അതേസമയം, ഛത്തീസ്ഗഢില്‍ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റ് ആക്രമണത്തില്‍ 2 ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ബിജാപൂര്‍ ജില്ലയിലെ വനമേഖലയിലാണ് ആക്രമണം ഉണ്ടായത്. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചില്‍ കഴിഞ്ഞു മടങ്ങിയ സുരക്ഷസേനയുടെ വാഹനത്തിനു നേരെയായിരുന്നു ആക്രമണം. തിരച്ചില്‍ കഴിഞ്ഞ് മടങ്ങുമ്പോള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.