നോട്ട് നിരോധനത്തിന് രണ്ട് വയസ്; രാജ്യത്തിന്‍റെ ഖജനാവ് കാലിയാവുന്നു

Jaihind Webdesk
Thursday, November 8, 2018

നോട്ട് നിരോധനം രണ്ടാം വർഷത്തിൽ എത്തി നിൽക്കെ രാജ്യത്തിന്‍റെ ഖജനാവ് കാലിയാകുന്നു. കരുതല്‍ ധനശേഖരത്തില്‍ നിന്ന് മൂന്നര ലക്ഷം കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചു. കേന്ദ്രത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകുമെന്ന് റിസര്‍വ് ബാങ്ക് മറുപടി നല്‍കി.

കേന്ദ്രസര്‍ക്കാര്‍ നീക്കം അംഗീകരിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അടിയന്തര സാഹചര്യങ്ങളില്‍ ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ ഇടപെടാനുള്ള ആര്‍.ബി.ഐയുടെ ശേഷിയുമായി നേരിട്ടുബന്ധപ്പെട്ടതാണ് കരുതല്‍ ധനം. രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയുടെ അടയാളം കൂടിയാണിത്. നിലവില്‍ 9.59 ലക്ഷം കോടിയാണ് കരുതല്‍ ധനമായി ആര്‍.ബി.ഐ നീക്കിവെച്ചിട്ടുള്ളത്. ഇതില്‍ നിന്ന് 3.6 ലക്ഷം കോടി ആവശ്യപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്നതിന്‍റെ വ്യക്തമായ സൂചനയാണിതെന്ന് സാമ്പത്തികവിദഗ്ധര്‍ വിലയിരുത്തുന്നു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക അതിബുദ്ധിയുടെ പരിണിത ഫലമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസിച്ചു. നീക്കം അനുവദിക്കാനാവില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ പണമില്ലാത്ത നിലയിലാണ് സര്‍ക്കാര്‍. ഇന്ധനവില കുറയ്ക്കുന്നതിനെത്തുടര്‍ന്ന് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്താനും കോടിക്കണക്കിന് രൂപ വേണ്ടിവരും. കഴിഞ്ഞ ബോര്‍ഡ് യോഗത്തില്‍ ഈ ആവശ്യം തള്ളിയതാണ് ആര്‍.ബി.ഐയും സര്‍ക്കാരും തമ്മില്‍ തുറന്ന പോരിന് വഴിവെച്ചതെന്നാണ് സൂചന.